
പത്തനംതിട്ട:എൻഎസ്എസിന്‍റെ ക്ഷണം സ്വീകരിച്ച് മന്നം ജയന്തി പരിപാടിയിലെത്തിയതിന് പിന്നാലെ ശശിതരൂർ മാർത്തോമ സഭയുടെ വേദിയിലേക്കും എത്തുന്നു.മാരാമൺ കൺവൻഷനിലും ശശി തരൂർ പങ്കെടുക്കും. ഫെബ്രുവരി 18 ന് നടക്കുന്ന യുവവേദിയിലാണ് തരൂർ സംസാരിക്കുക. മാർത്തോമ സഭ യുവജന സഖ്യത്തിന്‍റെ ആവശ്യപ്രകാരമാണ് ശശി തരൂർ കൺവൻഷനിൽ പങ്കെടുക്കാൻ എത്തുന്നത്
സഭയുടെ ഏറ്റവും ശ്രേഷ്ഠമായ വേദിയെന്ന് വിശേഷിപ്പിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് ശശി തരൂർ എത്തുന്നതോടെ കൂടുതൽ സാമുദായിക സംഘടനകളുമായി ബന്ധം ദൃഢമാക്കുകയാണ് ലക്ഷ്യം. 128 മാത് മാരമൺ കൺവൻഷന്റെ ഭാഗമായുള്ള യുവവേദിയിലേക്ക് ശശി തരൂരിനെ ക്ഷണിച്ചത് മാർത്തോമ സഭ യുവജന സഖ്യം പ്രസിഡന്റ് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ. ഫെബ്രുവരി 18 ശനിയാഴ്ച യുവവേദിയിൽ യുവാക്കളും കുടിയേറ്റവും എന്ന വിഷയത്തിൽ തരൂർ സംസാരിക്കും.
ഫെബ്രുവരി 12 മുതൽ 19 വരെയാണ് മാരാമൺ കൺവൻഷൻ. സാധരണഗതിയിൽ കൺവൻഷനിലേക്ക് രാഷ്ട്രീയക്കാർ എത്താറുണ്ടെങ്കിലും പ്രധാനപ്പെട്ട വേദിയിൽ സംസാരിക്കാൻ ക്ഷണം കിട്ടുന്നത് അപൂർവം. ക്രിസ്ത്യൻ സഭകൾക്ക് പുറത്തുള്ളവരും അപൂർവമായാണ് യുവവേദിയിൽ സംസാരിച്ചിട്ടുള്ളത്. മുമ്പ് സുനിൽ പി ഇളയിടം പങ്കെടുത്തിട്ടുണ്ട്. തരൂർ പങ്കെടുക്കുന്ന പരിപാടികൾക്കെതിരെ കോൺഗ്രസിൽ തന്നെ പടയൊരുക്കം സജീവമാകുന്ന സാഹചര്യത്തിലാണ് കൂടുതൽ സാമുദായിക വേദികളെന്നതും ശ്രദ്ധേയം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam