
ഇടുക്കി: തൊടുപുഴയിൽ ഭൂമി കയ്യേറിയെന്നാരോപിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിലേക്കുള്ള പ്രവേശനം ജലസേചന വകുപ്പ് തടഞ്ഞു. മോട്ടോർവാഹന വകുപ്പ് വഴി നിർമ്മിച്ചത് തങ്ങളുടെ ഭൂമിയിലാണെന്ന് ആരോപിച്ചായിരുന്നു നടപടി. സമാന്തരമായി പുതിയ വഴി വെട്ടിയാണ് ഉച്ചക്ക് ശേഷം ഡ്രൈവിംഗ് നടത്തിയത്.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിക്കായി (എംവിഐപി) ജലസേചന വകുപ്പ് ഏറ്റെടുത്ത ഭൂമിയിൽ 22 സെൻറ് മോട്ടോർ വാഹന വകുപ്പിന് കൈമാറിയിരുന്നു. പ്രദേശവാസികൾ വോളിബോൾ കളിച്ചിരുന്ന സ്ഥലം ഉൾപ്പെടെയാണ് കൈമാറിയത്. സ്ഥലം കയ്യിൽ കിട്ടിയതോടെ, മോട്ടോർ വാഹന വകുപ്പ് വോളിബോൾ കളി തടസ്സപ്പെടുത്തി. തുടർന്ന് തർക്കവും കേസുമൊക്കെയായി. പ്രദേശവാസികളിൽ ചിലർ മോട്ടോർ വാഹന വകുപ്പ് ജലസേചന വകുപ്പിൻറെ ഭൂമി കയ്യേറിയെന്ന പരാതിയുമായി മന്ത്രി റോഷി അഗസ്റ്റിനെ സമീപിച്ചു. വോളിബോൾ പ്രേമിയായ റോഷി അഗസ്റ്റിൻ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. ഇതോടെ ഗ്രൗണ്ടിലേക്കുള്ള റോഡ് എംവിഐപി അടച്ചു. രാവിലെ എട്ടരയ്ക്ക് ഉദ്യോഗസ്ഥർ ഡ്രൈവിംഗ് ടെസ്റ്റിനായി ഗ്രൗണ്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിലേയ്ക്ക് കയറാൻ മോട്ടോർ വാഹന വകുപ്പ് വഴി നിർമിച്ചിരുന്നത് ജലസേചന വകുപ്പിന്റെ ഭൂമിയിലൂടെയായിരുന്നു. ഇത്തരത്തിൽ അനധികൃതമായി കയ്യേറിയ ഭൂമി തിരിച്ചു പിടിച്ചതാണെന്നാണ് ജലസേചന വകുപ്പിന്റെ വിശദീകരണം. എന്തായാലും വകുപ്പുകൾ തമ്മിലുള്ള തർക്കം വലച്ചത് രാവിലെ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ്.