
കൊച്ചി: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഫ്സക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ ഉടന്‍ എടുത്തുമാറ്റണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയ കോടതി, ആറ്റുകാല്‍ അമ്മ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നുണ്ടോ എന്നും ചോദിച്ചു. സ്പോണ്‍സര്‍മാരുടെ മുഖങ്ങള്‍ കാണാനാണ് ബോര്‍ഡുകള്‍ വയ്ക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. അനധികൃത ഫ്ലക്സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍.
അതേസമയം ആറ്റുകാൽ പൊങ്കാലക്കായുള്ള ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധിയടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് 3 ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി ക്രമീകരണങ്ങളേർപ്പെടുത്തി ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ. പ്രത്യേക ട്രെയിൻ സർവീസുകൾ, അധിക സ്റ്റോപ്പുകൾ, ടിക്കറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയാണ് ക്രമീകരണങ്ങളിലുള്ളത്. 2026 മാർച്ച് 03-ന് കൊല്ലത്തേക്കുള്ള ട്രെയിനുകൾ ഒന്ന് മുതൽ നാല് വരെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്നായിരിക്കും പുറപ്പെടുകയെന്ന് അറിയിച്ചിട്ടുണ്ട്. നാഗർകോവിലിലേക്കുള്ള ട്രെയിനുകൾ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നായിരിക്കും പുറപ്പെടുക. ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുന്നതിന് പ്രവേശന, എക്സിറ്റ് പോയിന്റുകളിൽ അധിക ടിക്കറ്റ് കൗണ്ടറുകൾ തുറക്കും. തിരുവനന്തപുരം സെൻട്രലിലെ പ്ലാറ്റ്‌ഫോമുകളിൽ റിസർവ് ചെയ്യാത്ത ടിക്കറ്റിംഗ് സിസ്റ്റം (UTS), UTS-ഓൺ-മൊബൈൽ QR കോഡ് കൗണ്ടറുകൾ എന്നിവയും ക്രമീകരിക്കും. ഗവൺമെന്റ് റെയിൽവേ പൊലീസ് (GRP), ലോക്കൽ പോലീസ്, മറ്റ് അധികാരികൾ എന്നിവരുമായി ഏകോപിപ്പിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (RPF) യാത്രക്കാരുടെ സുരക്ഷ സജീവമായി നിരീക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും. പ്രധാന സ്ഥലങ്ങളിൽ മെഡിക്കൽ, സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക ടീമുകളും ഉണ്ടാകും. യാത്രക്കാരുടെ സൗകര്യാർത്ഥം, എറണാകുളം ജംഗ്ഷൻ- തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം സെൻട്രൽ- നാഗർകോവിൽ ജംഗ്ഷൻ എന്നീ റൂട്ടുകളിൽ അധിക ട്രെയിൻ സർവീസുകൾ നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam