
തിരുവനന്തപുരം: ഇസ്രയേൽ–ഇറാൻ സംഘർഷത്തിന് പിന്നാലെ നോർക്ക സജ്ജീകരിച്ച ഹെൽപ് ഡെസ്കിലേക്ക് ഇന്ന് ഉച്ചവരെ ലഭിച്ചത് 381 കോളുകൾ. വിദേശത്തുനിന്നും 137 പേരും രാജ്യത്തിനുള്ളിൽ നിന്നും 244 പേരും ഹെൽപ്‌ഡെസ്കില്‍ ബന്ധപ്പെട്ടു. വിദേശത്ത് നിന്ന് വിളിച്ച മലയാളികൾ സുരക്ഷിതരാണെന്നും നോർക്ക അറിയിച്ചു. വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി, റദ്ദാക്കലുകൾ, യാത്രാ നിർദ്ദേശങ്ങൾ, സുരക്ഷാ നിർദേശങ്ങൾ എന്നിവ സംബന്ധിച്ചായിരുന്നു കൂടുതൽ അന്വേഷണങ്ങളും. കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍, ലോക കേരള സഭാംഗങ്ങള്‍, പ്രവാസി സംഘടനകള്‍ എന്നിവരുമായുളള ഏകോപനം തുടരുന്നതായി നോർക്ക അറിയിച്ചു. സംഘര്‍ഷം തുടരുന്ന രാജ്യങ്ങളിലുളള പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണം എന്നും നോർക്ക നിദ്ദേശിച്ചു.
ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് പ്രവാസി കേരളീയർക്കായും കുടുംബാംഗങ്ങള്‍ക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശാനുസരണം സജ്ജീകരിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്‌ഡെസ്ക് നമ്പറുകളില്‍ 2026 മാർച്ച് 01 ഞായറാഴ്ച രാവിലെ 11.30 മണി വരെ ആകെ 381 കോളുകളാണ് ലഭിച്ചതെന്ന് നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി വി അനുപമ അറിയിച്ചു. തൈക്കാട് നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന അവലോകനയോഗത്തിനു ശേഷം അറിയിച്ചതാണിത്. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ നോർക്ക ഹെൽപ് ഡെസ്ക് പ്രവർത്തനം തുടരും. വിദേശത്തുനിന്നും 137 പേരും രാജ്യത്തിനുള്ളിൽ നിന്നും 244 പേരും ഹെൽപ് ഡെസ്കില്‍ ബന്ധപ്പെട്ടു. വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി, റദ്ദാക്കലുകൾ, യാത്രാ നിർദ്ദേശങ്ങൾ, സുരക്ഷാ നിർദേശങ്ങൾ എന്നിവ സംബന്ധിച്ചായിരുന്നു കൂടുതൽ അന്വേഷണങ്ങളും. ൾഫ് മേഖലയിൽ നിന്നുമുള്ള ഒഴിപ്പിക്കൽ സാധ്യതകളും യാത്രാ സുരക്ഷയും സംബന്ധിച്ചും അന്വേഷണങ്ങൾ ഉണ്ടായതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും അറിയിച്ചു. നോര്‍ക്ക ഹെല്‍പ്പ് ഡസ്കില്‍ ബന്ധപ്പെട്ട പ്രവാസി കേരളീയർ സുരക്ഷിതരാണ്. എന്നാൽ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും തുടർച്ചയായ ആക്രമണങ്ങള്‍ ആശങ്ക വർധിപ്പിക്കുന്നതായും പ്രവാസികള്‍ സൂചിപ്പിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാർ തലങ്ങളിൽ ലഭ്യമാകുന്ന സ്ഥിരീകരിച്ച വിവരങ്ങൾ പ്രവാസികേരളീയര്‍ക്ക് കൈമാറുകയും അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നതാണ് ഹെൽപ് ഡെസ്കിന്റെ പ്രധാന ലക്ഷ്യം. ലഭിച്ച കോളുകളും ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് തുടർനടപടികൾക്കായി രേഖപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ കേരള സർക്കാർ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍, ലോക കേരള സഭാംഗങ്ങള്‍, പ്രവാസി സംഘടനകള്‍ എന്നിവരുമായി ഏകോപനം തുടരുന്നു. സംഘര്‍ഷം തുടരുന്ന രാജ്യങ്ങളിലുളള പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണം. അടിയന്തര സഹായത്തിനായി നോർക റൂട്ട്സ് ഹെൽപ്‌ഡെസ്കുമായി +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam