
കൊച്ചി: നമ്പി നാരായണനെതിരായ ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാറിന്റെ അറസ്റ്റ് കേരളാ ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച വരെ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു. ഗൂഡലോചനക്കേസിലെ മറ്റ് മുൻകൂർ ജാമ്യപേക്ഷകൾക്ക് ഒപ്പം ശ്രീകുമാറിന്റെ ഹർജിയും തിങ്കളാഴ്ച പരിഗണിക്കാനും കോടതി തീരുമാനിച്ചു. കേസിൽ ഏഴാം പ്രതിയായ ശ്രീകുമാർ നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച ശേഷമാണ് കോടതി നിർദ്ദേശം.
നമ്പി നാരായണനെ താൻ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന് ശ്രീകുമാർ കോടതിയിൽ വാദിച്ചു. മറ്റൊരു ഉദ്യോഗസ്ഥനായ ശശികുമാറിനെ മാത്രമാണ് താൻ ചോദ്യം ചെയ്തതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
അതേ സമയം രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിനാധാരമെന്നും ചരക്കേസ് ഗൂഢാലോചനയിൽ പാക് ഇടപെടൽ ഉണ്ടായോ എന്ന് പരിശോധിക്കുകയാണെന്നും അതിനാൽ ഇടക്കാല ഉത്തരവിടരുതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു. ക്രയോജനിക് സാങ്കേതിക വിദ്യ തടസ്സപ്പെടുത്തിയതിന്റെ ഗൂഡലോചനയിൽ ശ്രീകുമാർ പങ്കാളി എന്ന് സിബിഐയും കോടതിയിൽ വാദിച്ചു. ഇതോടെ മറ്റു പ്രതികളുടെ ഹർജികൾ കേൾക്കുന്നത് വരെ അറസ്റ്റ് ചെയ്യില്ല എന്ന് ഉറപ്പു നൽകാൻ പറ്റുമോ എന്ന് കോടതി ആരാഞ്ഞെങ്കിലും അത് സാധ്യമല്ലെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു. ഇതോടെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam