
കൊച്ചി: ഐ എസ് ആർ ഒ ഗൂഢാലോചനാക്കേസിൽ സിബിഐ അന്വേഷണത്തിനെതിരെ മാലി സ്വദേശിനി ഫൗസിയ ഹസൻ. മുൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം സി ബി ഐ വലിച്ചിഴക്കുകയാണെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലുളള വിശ്വാസം തന്നെ നഷ്ടപ്പെട്ടെന്നും ശ്രീലങ്കയിലെ കൊളംബോയിൽ കഴിയുന്ന ഫൗസിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഐ എസ് ആർ ഒ ചാരക്കേസിന് 28 വർഷമാകുമ്പോഴാണ് സി ബി ഐയ്ക്കെതിരെ കടുത്ത വിമർശനവുമായി ഫൗസിയ ഹസൻ രംഗത്തെത്തുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉന്നത പൊലീസുദ്യോഗസ്ഥരെ പ്രതികളാക്കി ഐ എസ് ആർ ഓ ഗൂഢാലോചനാക്കേസിൽ സി ബി ഐ അന്വേഷണം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. തന്‍റെ മൊഴിപോലും കൃത്യമായി രേഖപ്പെടുത്തിയില്ല. 80 വയസായ തനിക്ക് ഈ ജന്മത്തിൽ നീതികിട്ടുമെന്ന് തോന്നുന്നില്ലെന്നും ഫൗസിയ ഹസൻ പറഞ്ഞു.
മൊഴിയെടുക്കാൻ ശ്രീലങ്കയിലേക്ക് വരുമെന്ന് സി ബി ഐ ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നു. പിന്നീട് ഒന്നും കേട്ടില്ല. മുൻ ഐ പി എസ് ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ സിബിഐ ഒത്തുകളിക്കുന്നതായി സംശയമുണ്ട്. ചാരക്കേസിൽ കുറ്റം സമ്മതിക്കാൻ തന്‍റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കേസ് കെട്ടിച്ചമച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഫൗസിയ ഹസൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam