ഐഎസ്ആ‍ർഒ ​ഗൂഢാലോചന കേസ്: സെഷൻസ് കോടതി ഉത്തരവിനെതിരെ സിബി മാത്യൂസ് ഹൈക്കോടതിയിൽ

By Web TeamFirst Published Sep 24, 2021, 11:02 AM IST
Highlights

തിരുവനന്തപുരം സെഷൻസ് കോടതി അറുപത് ദിവസത്തേക്കാണ് സിബിമാത്യുസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. 

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ തനിക്ക് അനുവദിച്ച മുൻകൂർ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച തിരുവനന്തപുരം  സെഷൻസ് കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  മുൻ ഡിജിപി സിബി മാത്യൂസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതി അറുപത് ദിവസത്തേക്കാണ് സിബിമാത്യുസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ സെ‌ഷൻസ് കോടതി ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് സിബി മാത്യൂസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

ചാരക്കേസ് കെട്ടിച്ചമക്കാൻ ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുൻ ഡിജിപി സിബിമാത്യൂസ്. ഗൂഡാലോചന കേസിലെ മറ്റ് നാല് പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തേ മുൻകൂർ ജാമ്യം നൽകിയിട്ടുണ്ട്. തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്ന് മുൻകൂർ ജാമ്യം ലഭിച്ച ശേഷം സിബി മാത്യൂസ് ആരോപിച്ചിരുന്നു. 

ചാരക്കേസിൽ പ്രതിയായ നമ്പിനാരായണനെ ഇൻറലിൻസ് ബ്യൂറോയുടെ നിർദ്ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും, ചാരക്കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് അട്ടിമറി നടത്തിയതെന്നുമായിരുന്നു സിബിമാത്യൂസിൻെറ വാദം. എന്നാൽ നമ്പിനാരായണനെ കസ്റ്റഡിൽ മർദ്ദിച്ചുവെന്നും സിബിമാത്യൂസിൻറെ അറസ്റ്റ് ഒഴിവാക്കുമെന്ന് ഉറപ്പു പറയാനാകില്ലെന്നും ജാമ്യാപേക്ഷയെ എതിർത്ത് സിബിഐയും വാദിച്ചു. സിബിമാത്യൂസിൻറെ ജാമ്യ ഹർജിയെ എതിർത്ത് നമ്പിനാരായണനും ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട മാലി വനിതകളും കക്ഷിചേർന്നിരുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

click me!