അഴിച്ചു പണിയിൽ ബിജെപിയിൽ അമർഷം പുകയുന്നു: അടുത്തഘട്ടം മന്ത്രിസഭ പുനസംഘടന

By Web TeamFirst Published Sep 27, 2020, 1:13 PM IST
Highlights

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ മുരളീധര്‍ റാവു, രാംമാധവ് എന്നിവരെ മാറ്റിയതില്‍ ബിജെപി വിശദീകരണമൊന്നും നല്‍കുന്നില്ല. കേന്ദ്രമന്ത്രിസഭ, പാര്‍ലമെന്‍ററി പാര്‍ട്ടി പുനസംഘടനകളില്‍ ചില നേതാക്കളെ ഉള്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ദില്ലി: ദേശീയ നേതൃനിരയിലെ അഴിച്ചു പണിയില്‍ ബിജെപിക്കുള്ളില്‍ അമര്‍ഷം പുകയുന്നു.പാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരെ ഒഴിവാക്കി മറ്റ് പാര്‍ട്ടികളില്‍ നിന്ന് ചേക്കേറിയവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അതൃപ്തി പരസ്യമാക്കി ബംഗാളിലെ മുതിര്‍ന്ന നേതാവ് രാഹുല്‍ സിന്‍ഹ രംഗത്തെത്തി.

ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് രാഹുല്‍ സിന്‍ഹയെ മാറ്റിയത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുന്‍ എംപി മുകുള്‍ റോയിയെ ഉപാധ്യക്ഷനാക്കുകയും ചെയ്തു.ദേശീയ നേതൃത്വത്തെയടക്കം വിമര്‍ശിച്ച രാഹുല്‍ സിന്‍ഹ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചന നല്‍കി. പത്ത് ദിവസത്തിനകം ഭാവി തീരുമാനം പ്രഖ്യാപിക്കുമെന്നു വ്യക്തമാക്കി. 

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ മുരളീധര്‍ റാവു, രാംമാധവ് എന്നിവരെ മാറ്റിയതില്‍ ബിജെപി വിശദീകരണമൊന്നും നല്‍കുന്നില്ല. കേന്ദ്രമന്ത്രിസഭ, പാര്‍ലമെന്‍ററി പാര്‍ട്ടി പുനസംഘടനകളില്‍ ചില നേതാക്കളെ ഉള്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എ പി അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയതോടെ പാര്‍ട്ടിയുടെ ന്യൂനപക്ഷ നിലപാട് ഒന്നു കൂടി വ്യക്തമാക്കാനാണ് ദേശീയ നേതൃത്വം ശ്രമിച്ചത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളാരും പട്ടികയില്‍ ഇടംപിടിക്കാതിരുന്നത് സംസ്ഥാനത്തെ ഗ്രൂപ്പ് പോരിലുള്ള ദേശീയ നേതൃത്വത്തിന്‍റെ അതൃപ്തി മൂലമാണെന്നും സൂചനയുണ്ട്.

click me!