'ഐ സ്റ്റാന്‍ഡ് വിത്ത് മലപ്പുറം'; വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതിഷേധം, ട്വിറ്ററില്‍ ട്രന്‍ഡിംഗ്

By Web TeamFirst Published Jun 4, 2020, 9:31 PM IST
Highlights

'ഇത് കൊലപാതകമാണ്, മലപ്പുറം ഇത്തരം സംഭവങ്ങള്‍ക്ക് പ്രസിദ്ധമാണ്. മലപ്പുറം രാജ്യത്തിലെ തന്നെ ഏറ്റവുമധികം അക്രമം നടക്കുന്ന സ്ഥലമാണ്. 300-400 നായ്ക്കളെയും പക്ഷികളേയും കൊലപ്പെടുത്താന്‍ റോഡുകളില്‍ വിഷം തളിച്ച ജില്ലയാണ് മലപ്പുറം' 

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ സ്ഫോടക വസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തെ മലപ്പുറവുമായി ബന്ധപ്പെടുത്തി നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തം. ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി, ബിജെപി എംപിയടക്കമുള്ള നേതാക്കള്‍ മലപ്പുറത്തിനെതിരെ വ്യാപക ആക്ഷേപങ്ങളാണ് ചൊരിഞ്ഞത്.

ആന ചരിഞ്ഞത് പാലക്കാട് ആണെങ്കിലും മലപ്പുറം എന്ന ഹാഷ്ടാഗ് ചേര്‍ത്താണ് ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടത്. ഇതോടെ ദേശീയ തലത്തില്‍ തന്നെ മലപ്പുറം വലിയ ചര്‍ച്ചയായി മാറി. 'ഇത് കൊലപാതകമാണ്, മലപ്പുറം ഇത്തരം സംഭവങ്ങള്‍ക്ക് പ്രസിദ്ധമാണ്.

കാട്ടാനയെ കൊന്ന സംഭവം; മലപ്പുറം വിവാദത്തിൽ വിശദീകരണവുമായി മേനകാ ഗാന്ധി

മലപ്പുറം രാജ്യത്തിലെ തന്നെ ഏറ്റവുമധികം അക്രമം നടക്കുന്ന സ്ഥലമാണ്. 300-400 നായ്ക്കളെയും പക്ഷികളേയും കൊലപ്പെടുത്താന്‍ റോഡുകളില്‍ വിഷം തളിച്ച ജില്ലയാണ് മലപ്പുറം' എന്നാണ് മുന്‍ കേന്ദ്ര മന്ത്രി മേനകാ ഗാന്ധി പറഞ്ഞത്. എന്നാല്‍, ഇത് തെറ്റായ ആരോപണമാണെന്ന് വ്യക്തമായി. 'മലപ്പുറത്ത് കാട്ടാനയെ കൊലപ്പെടുത്തിയത് കേന്ദ്രം ഗൗരവമായി കാണുന്നുവെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും' കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തു.

ഗർഭിണിയായ കാട്ടാന ചരിഞ്ഞത് പാലക്കാട്; പിന്നെങ്ങനെ മലപ്പുറത്തിന്‍റെ പേര് വന്നു?

സമാനമായി മലപ്പുറം ജില്ലയ്ക്കെതിരെ നിരവധി ആളുകളാണ് രൂക്ഷമായ പ്രതികരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയത്. ഗര്‍ഭിണിയായ കാട്ടാനയെ കൈതച്ചക്കയില്‍ സ്ഫോടക വസ്തു വച്ച് കൊലപ്പെടുത്തിയത് മലപ്പുറം ജില്ലയിലാണെന്ന പ്രചാരണം തെറ്റായിരുന്നു. ഇപ്പോള്‍ മലപ്പുറത്തിനെതിരെ നടന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ട്വിറ്ററില്‍ ട്വീറ്റുകള്‍ നിറയുകയാണ്.

ഇന്ത്യയില്‍ 'ഐ സ്റ്റാന്‍ഡ് വിത്ത് മലപ്പുറം' എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയി മാറിയിട്ടുണ്ട്. കേരളത്തിനെതിരെയും പ്രത്യേകിച്ച് മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞും സംഘടിതമായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

click me!