തോറ്റ പേപ്പറിൽ അപ്പീലിലൂടെ ജയിച്ച് വിദ്യാർത്ഥി: കെ ടി ജലീൽ ഇടപെട്ടെന്ന് ഗവർണർക്ക് പരാതി

By Web TeamFirst Published Sep 21, 2019, 10:35 AM IST
Highlights

കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കൊളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാ‍ർത്ഥി ശ്രീഹരിക്ക് വേണ്ടിയാണ് മന്ത്രി ജലീൽ ഇടപെട്ടുവെന്ന ആരോപണം.

തിരുവനന്തപുരം: പരീക്ഷയിൽ തോറ്റ ബിടെക്ക് വിദ്യാർത്ഥിയെ ജയിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇടപെട്ടെന്ന് കാണിച്ച് ഗവർണ്ണർക്ക് പരാതി. അദാലത്തിൽ പ്രത്യേക കേസായി പരിഗണിക്കാൻ മന്ത്രി ആവശ്യപ്പെട്ടതിന്‍റെ രേഖകൾ സഹിതമാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ പരാതി. 29മാർക്ക് നേടിയ വിദ്യാർത്ഥിക്ക് അവസാനപുന‍ർമൂല്യ നിർണ്ണയത്തിൽ 48 മാർക്കാണ് കിട്ടിയത്.

കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കൊളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാ‍ർത്ഥി ശ്രീഹരിക്ക് വേണ്ടിയാണ് മന്ത്രി ജലീൽ ഇടപെട്ടുവെന്ന ആരോപണം. അഞ്ചാം സെമസ്റ്റർ ഡൈനാമിക്സ് ഓഫ് മെഷനറീസ് പരീക്ഷക്ക് ശ്രീഹരിക്ക് കിട്ടിയിത് 29 മാർക്ക്. പുനർമൂല്യനിർണ്ണയത്തിന് ശേഷം 32 മാര്‍ക്ക് ലഭിച്ചെങ്കിലും ജയിക്കാൻ വേണ്ടത് 45 മാർക്ക്. വീണ്ടും മൂല്യനിർണ്ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടം അനുവദിക്കുന്നില്ലെന്ന് സാങ്കേതിക സർവ്വകലാശാല മറുപടി നൽകി. 

ഇതോടെയാണ് മന്ത്രിയെ നേരിട്ട് സമീപിച്ചത്. 2018 ഫെബ്രുവരി 27ന് ചേർന്ന അദാലത്തിൽ മന്ത്രി കെ ടി ജലീൽ നേരിട്ട് പങ്കെടുത്തു. വിഷയം പ്രത്യേകം കേസായി പരിഗണിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. മന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെയുള്ള പുനർമൂല്യ നിർണ്ണയത്തിൽ 32മാർക്ക് 48 ആയി കൂടി. തോറ്റ പേപ്പ‌റിൽ ശ്രീഹരി ജയിച്ചു.

ഉത്തരക്കടലാസും ,അദാലത്തിലെ മിനിട്സും അടക്കം ബന്ധപ്പെട്ട രേഖകൾ സഹിതമാണ് ഗവർണ്ണർക്ക് പരാതി നൽകിയത്. അതേ സമയം മാനുഷിക പരിഗണ കണക്കിലെടുത്താണ് ഇടപെട്ടതെന്നാണ് മന്ത്രിയുടെ വിശദീകരണം. മറ്റെല്ലാം വിഷയങ്ങളിലും ഉയർന്ന മാർക്ക് കിട്ടിയതും പരിഗണിച്ചാണ് നിർദ്ദേശമെന്നും കെടി ജലീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം മൂല്യനിർണ്ണയം നടത്തിയ അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ അഞ്ച് മാസമായിട്ടും സർവ്വകലാശാല നടപടികൾ തുടങ്ങിയിട്ടില്ല.
 

click me!