
വയനാട്: തൊവരിമലയിൽ ഭൂമിക്കായുള്ള ആദിവാസികളുടെ സമരം അഞ്ചാം മാസവും തുടരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ബഹളത്തിനിടെ കഴിഞ്ഞ ഏപ്രില്‍ 21ന് രാത്രിയാണ് തൊവരിമലയിലെ 1000 ഏക്കർ മിച്ചഭൂമി ആദിവാസികള്‍ കയ്യേറിയത്. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് ഇറക്കിവിട്ട സമരക്കാർ വയനാട് കളക്ടറേറ്റ് പടിക്കല്‍ പന്തലുകെട്ടി സമരം തുടങ്ങിയിട്ട് ഇന്നേക്ക് 150 ദിവസമാകുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശ ദിവസം രാത്രിയാണ് സിപിഐഎംഎല്ലിന്‍റെ നേതൃത്വത്തിലുള്ള ഭൂസമരസമിതി നെന്മേനി പഞ്ചായത്തിലെ തൊവരിമലയില്‍ ഭൂമി കയ്യേറിയത്. ഹാരിസൺസ് മലയാളം ലിമിറ്റഡിന്‍റെ തൊവരിമല ഡിവിഷനോട് ചേർന്ന 106 ഹെക്ടർ മിച്ചഭൂമിയാണ് സമരക്കാർ കയ്യേറിയത്. ജില്ലയിലെ 13 പഞ്ചായത്തുകളില്‍നിന്നായി ആയിരത്തിലധികം ആദിവാസി കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ക്കകം മുഴുവന്‍ സമരക്കാരെയും അറസ്റ്റ് ചെയ്ത് നീക്കി ഭരണകൂടം കയ്യേറ്റം ഒഴിപ്പിച്ചു. തുടർന്നാണ് സമരം കളക്ടറേറ്റ് പടിക്കലേക്ക് മാറ്റിയത്. ഇതിനോടകം നിരവധി തവണ ജില്ലാ ഭരണകൂടം സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഒരേക്കർ ഭൂമി വീതം എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും വേണമെന്നാണ് സമരക്കാരുടെ നിലപാട്. ഒരുമാസത്തിനകം തങ്ങളുടെ ആവശ്യങ്ങള്‍ സർക്കാർ അംഗീകരിച്ചില്ലെങ്കില്‍ മറ്റ് പ്രക്ഷോഭ രീതികളിലേക്ക് കടക്കുമെന്നാണ് ഭൂസമരസമിതിയുടെ മുന്നറിയിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam