Latest Videos

തെരുവ്നായ നിയന്ത്രണം,വന്ധ്യംകരണം പേരിലൊതുങ്ങി,നായ്ക്കളുടെ എണ്ണം പെരുപ്പിച്ചുകാട്ടി പണം തട്ടിയെന്ന് ആരോപണം

By Web TeamFirst Published Sep 1, 2022, 6:00 AM IST
Highlights

കൊല്ലത്ത് മൂന്നു മാസം മുൻപ് വന്ധ്യംകരണം നടത്തിയ തെരുവുനായ പ്രസവിച്ച സംഭവം പോലും ഉണ്ടായി.

കണ്ണൂർ : തെരുവുനായകളെ വന്ധ്യം കരിക്കാൻ സംസ്ഥാനത്ത് നടപ്പാക്കുന്ന എബിസി പദ്ധതി മിക്ക തദ്ദേശ സ്ഥാപനങ്ങളിലും പ്രഹസനമായി. ചിലയിടങ്ങളിൽ വന്ധ്യം കരിക്കുന്ന നായകളുടെ എണ്ണം പെരുപ്പിച്ച് കാട്ടി തുക തട്ടി. മറ്റു ചിലയിടങ്ങളിലാകട്ടെ വന്ധ്യംകരിച്ച നായകൾ പിന്നീട് പ്രസവിക്കുന്ന അവസ്ഥ പോലും ഉണ്ടായി.

മന്ത്രി പറയുന്ന ABC പദ്ധതി, പക്ഷേ സംസ്ഥാനത്ത് വഴിമുട്ടി നിൽക്കുകയാണ്. മൃഗസംരക്ഷണ വകുപ്പ് നടത്തിയ പുതിയ കണക്കെടുപ്പ് പ്രകാരം രണ്ടര ലക്ഷത്തിലധികം തെരുവ് നായകളാണ് കേരളത്തിലുള്ളത്. നായകളെ കൊല്ലാൻ നിയമം ഇല്ലാത്തതിനാൽ ഇവയെ പിടികൂടി വന്ധ്യം കരിച്ച് താമസ സ്ഥലത്തു തന്നെ തിരികെ വിടുകയാണ് നിയന്ത്രിക്കാൻ ഉള്ള ഏക വഴി. എന്നാൽ ഈ പദ്ധതിയിൽ അരങ്ങേറുന്നത് വ്യാപക ക്രമക്കേടുകൾ.

മിക്ക ജില്ലകളിലും നായകളെ വന്ധ്യംകരിക്കാനായി പിടികൂടി എത്തിച്ചുകൊടുക്കുന്ന ചുമതല കുടുംബശ്രീകളെ ഏൽപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കുടുംബശ്രീക്കുള്ള യോഗ്യത ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. കോടതിയാകട്ടെ കുടുംബശ്രീകളെ ഇതിൽനിന്ന് വിലക്കി. ഇതോടെ വന്ധ്യം കരണ പദ്ധതി കൂടുതൽ പ്രഹസനമായി. കൊല്ലത്ത് മൂന്നു മാസം മുൻപ് വന്ധ്യംകരണം നടത്തിയ തെരുവുനായ പ്രസവിച്ച സംഭവം പോലും ഉണ്ടായി.

വന്ധ്യംകരണത്തിന് രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു കേന്ദ്രം വേണമെന്നാണ് കണക്ക്. എന്നാൽ സംസ്ഥാനത്ത് ആകെയുള്ളത് വെറും എട്ട് കേന്ദ്രങ്ങൾ. ഇവയിൽ പലതും മാസങ്ങളായി പ്രവർത്തിക്കുന്നുമില്ല. കണ്ണൂർ ജില്ലയിൽ വന്ധ്യംകരണ ശസ്ത്രക്രിയ അവസാനമായി നടന്നത് ഫെബ്രുവരി മാസത്തിലാണ്. നിലവിൽ ശസ്ത്രക്രിയക്കുള്ള സൗകര്യമില്ല.

നായയുടെ കടിയേറ്റവർക്ക് സൗജന്യ പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാൻ പ്രതിവർഷം 20 കോടി രൂപയാണ് സംസ്ഥാനം ചെലവിടുന്നത്. ഇതിനു പുറമെയാണ് നായകളെ വന്ധ്യംകരിക്കാൻ ചെലവിടുന്ന കോടികൾ. ഇത്രയധികം പണം ഒഴുക്കുമ്പോഴും സംസ്ഥാനത്ത തെരുവുനായ നിയന്ത്രണം വലിയ പരാജയമായി മാറുകയാണ്.

പേവിഷ ബാധയേറ്റ് 19 മരണം; വിശ്വാസമല്ലേ എല്ലാമെന്ന് സ‍‍ർ‍ക്കാർ പറയുമ്പോൾ! വാക്സീൻ പരിശോധനയിൽ സംഭവിക്കുന്നതെന്ത്?

click me!