Asianet News MalayalamAsianet News Malayalam

പേവിഷ ബാധയേറ്റ് 19 മരണം; വിശ്വാസമല്ലേ എല്ലാമെന്ന് സ‍‍ർ‍ക്കാർ പറയുമ്പോൾ! വാക്സീൻ പരിശോധനയിൽ സംഭവിക്കുന്നതെന്ത്?

പേവിഷ ബാധയിൽ മരണം എന്തുകൊണ്ട് ? വാക്സീന് ഗുണനിലവാരമില്ലേ ? വാക്സീൻ സൂക്ഷിക്കുന്നതിൽ വീഴ്ച ഉണ്ടായോ ? വാക്സീൻ കുത്തിവയ്ക്കുന്നതിൽ പ്രശ്നം ഉണ്ടായോ ? അതോ മാരകമായി മുറിവേറ്റവർക്ക് ഉറപ്പായും നൽകേണ്ട ഇമ്യൂണോ ഗ്ലോബുലിൻ നൽകിയിട്ടില്ലേ ? ചോദ്യങ്ങൾ നിരവധിയാണ്

why still rabies death in kerala
Author
First Published Aug 28, 2022, 4:33 PM IST

തിരുവനന്തപുരം: കേരളത്തിൽ പേവിഷ ബാധയിൽ മരണം 19. ഇതിൽ തന്നെ രണ്ട് മരണങ്ങൾ വാക്സീൻ എടുത്തവരാണെന്നത് ആശങ്ക ഉണ്ടാക്കുന്ന കണക്ക്. മുമ്പെങ്ങും ഇല്ലാത്ത വിധം നായകളുടെ ആക്രമണം കൂടുന്ന കാലത്ത് വാക്സീൻ എടുത്തിട്ടും പേവിഷ ബാധയിൽ മരണം എന്തുകൊണ്ട് ? വാക്സീന് ഗുണനിലവാരമില്ലേ ? വാക്സീൻ സൂക്ഷിക്കുന്നതിൽ വീഴ്ച ഉണ്ടായോ ? വാക്സീൻ കുത്തിവയ്ക്കുന്നതിൽ പ്രശ്നം ഉണ്ടായോ ? അതോ മാരകമായി മുറിവേറ്റവർക്ക് ഉറപ്പായും നൽകേണ്ട ഇമ്യൂണോ ഗ്ലോബുലിൻ നൽകിയിട്ടില്ലേ ? അങ്ങനെ ചോദ്യങ്ങൾ നീളുമ്പോൾ ഉത്തരവാദപ്പെട്ട സർക്കാർ മറുപടി പറയണം. കണക്കുകൾ പേടിപ്പിക്കുന്നതാണ്, പേടിയും ആശങ്കയും മാറ്റേണ്ടത് സ‍ർക്കാരിന്‍റെ കൂടി ഉത്തരവാദിത്വമാണ്. മറക്കരുത്. 

2017 ൽ നായകടിയേറ്റവരുടെ എണ്ണം 135749
2018 - 148899
2019 - 161055
2020 - 160483
2021 - 221379
2022 ലാകട്ടെ ഇതുവരെ കടിയേറ്റവരുടെ എണ്ണം തന്നെ ഒന്നരലക്ഷത്തോടടുക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്

മരണം
2020 - 5
2021 - 11
ഈ വർഷം ഇതുവരെ 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

സംസ്ഥാനത്ത് ഡെങ്കിപ്പനിയേക്കാൾ ജീവനപഹരിച്ച് പേവിഷ ബാധ; ഈ മാസം മാത്രം 5 മരണം

വാക്സീൻ പരിശോധനക്ക് കേരളത്തിൽ സംവിധാനമില്ല, നിർമാതാക്കളെ വിശ്വസിക്കാം; 'വിശ്വാസം അതല്ലേ എല്ലാം'

വാക്സീൻ, അത് പേവിഷ പ്രതിരോധ വാക്സീൻ ആയാലും മറ്റേത് വാക്സീൻ ആയാലും അതിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ കേരളത്തിൽ സംവിധാനമില്ല.ഇനി വാക്സീനെ കുറിച്ച് പരാതി ഉയർന്നാൽ അത് കസൗളിയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറി (CDL) യിലേക്ക് കൊണ്ട് പോകണം. വെറുതേ കൊണ്ടുപോകാൻ ആകില്ല. കൃത്യമായ ഊഷ്മാവിൽ വാക്സീൻ വിമാനത്തിൽ എത്തിക്കണം. അതിനായി ഒരാൾ കൂടെ പോകണം. എന്നാൽ കേരളത്തിൽ പൊതുവിപണയിയിലേയും സർക്കാർ മേഖലയിലേയും ഗുളികകളും മരുന്നുകളും പോലും പരിശോധിക്കാൻ ആളില്ലാതെ വലയുന്ന ഡ്രഗ്സ് കൺട്രോളർ വകുപ്പിന് ഒരാളെ വിമാന ടിക്കറ്റും എടുത്ത് നൽകി കൃത്യമായ ഊഷ്മാവിൽ സജ്ജീകരിച്ച വാക്സീനുമായി കസൌളിയിലേക്ക് വിടുന്നത് വിദൂരമായ ആലോചന മാത്രമാണ്.

പരാതി ഉയർന്നു, ആശങ്ക സർക്കാരിനും എന്നാൽ പരിശോധിക്കാൻ മനസില്ല, ശാസ്ത്രീയ റിപ്പോർട്ടും ഇല്ല

വാക്സീൻ എടുത്തിട്ടും 2 മരണങ്ങൾ. ഈ മരണങ്ങൾ പേവിഷ ബാധമൂലമാണെന്ന് പോസ്റ്റുമോർട്ടത്തിലൂടെ ഉറപ്പിച്ചിട്ടില്ല. ഇനി അവക്ക് നൽകിയ ബാച്ച് വാക്സീൻ ഗുണനലിവാരം ഉള്ളതാണോ എന്നുറപ്പിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല എന്നതാണ് ഗുരുതര വീഴ്ച. ഏറ്റവും ഗൗരവതരമായ കാര്യം, വിവാദം ഉയർന്നിട്ടും മെഡിക്കൽ സർവീസസ് കോർപറേഷനിൽ നിന്ന് ഒരു പരാതിയോ വാക്സീൻ പരിശോധനക്ക് അയക്കണമെന്നോ ഒരു അറിയിപ്പും ഡ്രഗ്സ് കൺട്രോളർ വകുപ്പിന് കിട്ടിയിട്ടില്ല. അതായത് ജനങ്ങളും ആരോഗ്യ വിദഗ്ധരും അടക്കം ആശങ്ക പ്രകടിപ്പിക്കുമ്പോഴും ഉത്തരവാദപ്പെട്ടവർക്ക് ഒരു അനക്കവുമില്ലെന്ന് ചുരുക്കം. പരാതി കിട്ടാതെ എങ്ങനെ പരിശോധിക്കും, മാനദണ്ഡപ്രകാരമല്ലേ മുന്നോട്ട് പോകാനാകു എന്നാണ് ഡ്രഗ്സ് കൺട്രോളർ വകുപ്പിന്‍റെ ചോദ്യം.

മരുന്ന് പരിശോധന പോലും പേരിന് മാത്രമാണ്. പരിശോധിക്കാൻ എടുക്കുന്ന മരുന്നിന്‍റെ പരിശോധനാ ഫലം വന്നു കഴിയുമ്പോഴേക്കും ആ ബാച്ച് മരുന്ന് പൂർണമായും ഉപയോഗിച്ചു കഴിഞ്ഞിട്ടുണ്ടാകും. അത്ര കേമമാണ് ഇവിടുത്തെ പരിശോധന സംവിധാനം. ചുരുക്കത്തിൽ നിർമാതാക്കളെ, അവരുടെ പരിശോധനകളെ വിശ്വസിച്ച് മരുന്നും കുത്തിവയ്പും വാക്സീനുമൊക്കെ നമുക്കെടുക്കാം. വ്യാജ വാക്സീൻ  ഉപയോഗം 2002 ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നതും ഇവിടെ ചേർത്ത് വായിക്കണം. 

പേവിഷ ബാധ: മൃഗങ്ങളുമായി ഇടപഴകുന്നവർ കുത്തിവയ്പ്പ് മുൻകൂർ എടുക്കണം, നിലവിലെ രീതി മാറണമെന്ന് വിദഗ്‍ധർ

വാക്സീൻ സൂക്ഷിക്കുന്നതിൽ വീഴ്ച ഉണ്ടോ

വാക്സീൻ സൂക്ഷിക്കുന്ന കോൾഡ് സ്റ്റോറേജുകൾ മികച്ചതാണോ എന്ന ചോദ്യം ആണ് ഉയരുന്നത്. മൂന്നു മുതൽ 8 ഡിഗ്രി വരെ സെൽഷ്യസിൽ സൂക്ഷിക്കേണ്ട ആന്‍റി റാബിസ് വാക്സീനിന്‍റെ ഈഷ്മാവിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസം പോലും അതിന്‍റെ ഗുണനിലവാരത്തെ സാരമായി ബാധിക്കും. പവർ സപ്ലൈ പോയാൽ പോലും പ്രശ്നമാണ്. ആന്‍റി റാബിസ് വാക്സീൻ സുക്ഷിക്കുന്ന ഇടങ്ങളിലെല്ലാം ഇത്തരം സംവിധാനം കൃത്യമാണോ എന്നതും ഉയരുന്ന ചോദ്യമാണ്.

കാര്യമായി മുറിവേറ്റവർക്ക് വാക്സീനൊപ്പം ഇമ്യൂണോഗ്ലോബുലിൻ നൽകുന്നുണ്ടോ? അത് സ്റ്റോക്കുണ്ടോ?

നായകടിച്ചെത്തുന്നവരിലെ മുറിവിന്‍റെ ആഴം , രീതി ഒക്കെ പരിശോധിച്ച് വാക്സീന് ഒപ്പം ഇമ്യൂണോ ഗ്ലോബുലിൻ കൂടി കൊടുക്കുന്നുണ്ടോ എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. മുഖത്തും കഴുത്തിലും ഒക്കെ കടിയേൽക്കുന്നവർക്ക് ഉറപ്പായും ഇമ്യൂണോ ഗ്ലോബുലിൻ നൽകണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നുണ്ട്. അത് മുറിവിൽ തന്നെ നൽകിയില്ലെങ്കിൽ കൃത്യമായ ഫലവും ഉണ്ടാകില്ല. ഇത് കൃത്യതയോടെ നൽകുന്നുണ്ടോ എന്നതും പരിശോധിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. എത്ര ആശുപത്രികളിൽ, സർക്കാർ മേഖലയിൽ ആവശ്യത്തിന് ഇമ്യൂണോ ഗ്ലോബുലിൻ കിട്ടുന്നുണ്ടെന്നത് സർക്കാർ തന്നെ വ്യക്തമാക്കണം. താഴേത്തട്ടിലുള്ള പല ആശുപത്രികളിലും ഇമ്യൂണോ ഗ്ലോബുലിൻ സ്റ്റോക്കില്ലെന്ന് ആശുപത്രി അധികൃതർ തന്നെ പറയുന്നുണ്ട്.2012 ൽ ബംഗ്ലാദേശിൽ നടന്ന ഒരു പഠനം അനുസരിച്ച് വാക്സീൻ എടുത്ത എന്നാൽ ഗുരുതരമായ മുറിവിന് ഇമ്യൂണോ ഗ്ലോബുലിൻ എടുക്കാത്തവർക്ക് പേവിഷ ബാധ ഉണ്ടായി മരണം സംഭവിച്ചിട്ടുണ്ട്. 

നായയുടെ ആക്രമണം കൂടുകയും പേവിഷ ബാധയിലെ മരണം മുമ്പെങ്ങുമില്ലാത്ത വിധം കൂടുകയും ചെയ്തതോടെ ആന്‍റി റാബിസ് വാക്സീൻ കൂടുതലായി എത്തിച്ചു തുടങ്ങി. എന്നാൽ ഇത് താഴേ തട്ടിലേക്കുള്ള ആശുപത്രികളിൽ പൂർണമായും എത്തിയിട്ടില്ല. നഗര ഗ്രാമ വ്യത്യാസമില്ലാതെ നായയുടെ ആക്രമണം തുടരുമ്പോൾ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രികളിൽ മരുന്ന് കിട്ടാത്തതിനാൽ ജില്ല ജനറൽ ആശുപത്രികളേയും മെഡിക്കൽ കോളജ് ആശുപത്രികളേയും ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴും. 

നായയുടെ ഉമിനീർ വഴിയാണ് വൈറസ് മുറിവിലൂടെ ശരീരത്തിൽ പ്രവേശിക്കുക. ഞരമ്പുകളിലൂടെ തലച്ചോറിലേക്കും സുഷുമ്ന നാഡിയിലേക്കും എത്തും.ദിവസങ്ങളും ആഴ്ചകളും എടുത്ത് ആകും ഈ വൈറസ് മനുഷ്യനെ ആക്രമിക്കുക. തലച്ചോറിലും സുഷുമ്ന നാഡിയിലും എത്തിയാൽ പേവിഷ ബാധ ഉറപ്പിക്കാം. പേവിഷ ബാധയേറ്റ ഒരാൾക്ക് ജീവിതത്തിലേക്ക് മടങ്ങി വരാൻ ഒരിക്കലും കഴിയില്ലെന്നതിനാൽ മരണം ഉറപ്പ്.

ഇവിടെ പൊതുജനങ്ങളും സ്വയം അറിഞ്ഞ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതും പറയാതെ പോകാനാകില്ല. നായയുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ സ്വീകരിക്കാൻ തയ്യാറാകണം. കടിയേൽക്കുന്ന ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം. എത്രയും വേഗത്തിൽ ചെയ്യാൻ തയ്യാറാകണം. അല്ലെങ്കിൽ കടിയേറ്റ ഭാഗം വൈറസ് ഉള്ളിൽ പ്രവേശിക്കാനുള്ള കവാടമായി മാറും.

പേവിഷ ബാധയിലെ മരണത്തിന് കാരണക്കാർ ആരോഗ്യവകുപ്പ് മാത്രമല്ല തദ്ദേശവകുപ്പിനും തുല്യ ഉത്തരവാദിത്വം

വാക്സീൻ ഗുണനിലവാര പരിശോധന പോലും നടത്താതെ ആശങ്ക വാക്കുകളിൽ മാത്രം പ്രകടിപ്പിക്കുന്ന ആരോഗ്യ വകുപ്പ് മാത്രമല്ല പേവിഷ ബാധയിലെ മരണത്തിൽ ഉത്തരവാദി. തദ്ദേശ സ്വയം ഭരണ വകുപ്പും ഉത്തരം പറയേണ്ടതുണ്ട്. തെരുവിൽ നായ്ക്കളുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്. തദ്ദേശ വകുപ്പ് കാരണമാണോ ഇതെന്ന് ചോദിച്ചാൽ അതെ എന്ന് തന്നെയാണ് ഉത്തരം. നായ്ക്കളുടെ വന്ധ്യംകരണം നിലച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട് എടുത്ത് നായ്ക്കളിലെ വന്ധ്യം കരണം നടത്താൻ ആകില്ല. അത്രകണ്ട് ചെലവുണ്ട്. നായ്ക്കളെ പിടിക്കാൻ വൈദഗ്ധ്യമുള്ള ആളുകളെ നിയോഗിക്കുന്നതിൽ തുടങ്ങി ,അവരുടെ ശന്പളം ,വാഹന വാടക, വെറ്ററിനറി ഡോക്ടറുടെ ശമ്പളം , പിടികൂടുന്ന നായ്ക്കളെ പരിപാലിക്കുന്നതും ശസ്ത്രക്രിയക്കുശേഷം പോലും വൻ ചെലവാണ്. ഇവയെ പാർപ്പിക്കാൻ പോലും ഇടമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ട്. തനത് ഫണ്ടിൽ നിന്ന് തുക വകമാറ്റാൻ ആകാത്ത സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പൂ‍ണമായും നായപിടത്തവും വന്ധ്യംകരണവും നിർത്തി. ഇതോടെ തെരുവ് നായ്ക്കളുടെ എണ്ണം പെരുകി. വഴി നടക്കാൻ പോലും ആകാത്ത വിധം എണ്ണം കൂടി. 

ഇനി വന്ധ്യംകരിച്ച നായ്ക്കളുടെ തുട‍ർ പരിപാലനം മുടങ്ങിയതും തിരിച്ചടിയായിട്ടുണ്ട്. വന്ധ്യംകരിക്കുന്നതിനൊപ്പം നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സീനും നൽകാറുണ്ട്. ഈ കുത്തിവയ്പ് എല്ലാ വർഷവും നൽകേണ്ടതുണ്ട്. ഇതും നിലച്ചു. ഇതോടെ പേവിഷ ബാധയുള്ള നായ്ക്കളുടെ എണ്ണവും കൂടി. ഇതിനൊപ്പം മാലിന്യ നീക്കം നിലച്ചതും നായ്ക്കളുടെ എണ്ണം കൂടാൻ കാര്യമായി. കൃത്യമായ , ശാസ്ത്രീയമായ മാലിന്യ സംസ്കരണ പദ്ധതികൾ ഉണ്ടാകാത്തിടത്തോളം തെരുവ് നായ നിയന്ത്രണം എന്ന ആശയം പോലും വിദൂരമായ സ്വപ്നമാണ്.

Follow Us:
Download App:
  • android
  • ios