
കോഴിക്കോട് : സ്വർണക്കടത്തിനിടെ കരിപ്പൂരിൽ ഇന്നലെ പിടിയിലായ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പ കൂടുതൽ പേരെ സ്വർണ്ണ കടത്തിനു സഹായിച്ചെന്ന് സൂചന.പിടിയിലായ ദിവസം ആറ് യാത്രക്കാരുടെ ലഗേജ് പരിശോധിച്ചില്ലെന്ന് കസ്റ്റംസ് കണ്ടെത്തി. വിമാന താവളത്തിൽ ഇവരുൾപ്പെടെ കൂടുതൽ പേരിൽ നിന്നും ഇയാൾ കടത്തു സ്വർണ്ണം കൈപ്പറ്റിയോ എന്ന് കസ്റ്റംസ് അന്വേഷിക്കുന്നു
ലഗേജ് എക്സറേ ഇമേജ് വച്ചു പ്രാഥമിക പരിശോധന നടത്തുന്ന ചുമതല ആയിരുന്നു പിടിയിലായതിന്‍റെ തലേ ദിവസം ഇയാൾക്ക്.പരിശോധിക്കാത്തതിനെ ക്കുറിച്ച് ഉയർന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ കൃത്യമായി മറുപടി നൽകിയില്ല.പുറത്തു വച്ചു പൊലീസ് പിടിയിലായത് ഇതിന് ശേഷം ആണ് .അഴിമതി നിരോധന നിയമ പ്രകാരം കേസ് സി ബി ഐ അന്വേഷിക്കും. സൂപ്രണ്ട് പി മുനിയപ്പയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്
സ്വർണ്ണം വിട്ടുനൽകാൻ 25000 രൂപ! കസ്റ്റംസ് സൂപ്രണ്ടിൽ നിന്ന് പിടിച്ചത് സ്വര്‍ണ്ണവും പണവും 4 പാസ്പോര്‍ട്ടുകളും
വിദേശത്ത് നിന്നും യാത്രക്കാരൻ അനധികൃതമായി കടത്തികൊണ്ടു വന്ന സ്വർണ്ണം, കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ പിടിയിലായ കസ്റ്റംസ് സൂപ്രണ്ട് ആവശ്യപ്പെട്ടത് 25000 രൂപ. കരിപ്പൂര്‍ വിമാനത്താവളത്തിൽ സ്വര്‍ണ്ണം കടത്തിയ രണ്ട് കാസർകോട് സ്വദേശികളിൽ നിന്നാണ് ഇയാൾ 25000 രൂപ ആവശ്യപ്പെട്ടത്. കടത്തികൊണ്ടു വന്ന സ്വർണ്ണവും പാസ്പോർട്ടും എയർപോർട്ടിന് പുറത്തെത്തിച്ച് പണം വാങ്ങുകയായിരുന്നു ഇയാളുടെ രീതി. ഇയാളുടെ പക്കൽ നിന്നും കടത്തു സ്വർണവും മുറിയിൽ നടത്തിയ പരിശോധനയിൽ അഞ്ചു ലക്ഷത്തോളം രൂപയും നാലു പാസ്പോർട്ടുകളും വിദേശ കറൻസികളും പിടിച്ചെടുത്തു. നേരത്തെയും സ്വർണ്ണ കടത്തിനു ഒത്താശ ചെയ്തതിനു തെളിവുകളും പൊലീസിന് ലഭിച്ചു.
ആദ്യമായിട്ടാണ് സംസ്ഥാനത്ത് ഇത്രയും ഉയർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ സ്വർണ്ണം കടത്തിയതിന് പിടിയിലായത്. കാസർകോട് സ്വദേശികളായ രണ്ട് യാത്രക്കാർ സ്വർണ്ണം ഒളിപ്പിച്ചു കൊണ്ടു വരുന്നെന്ന രഹസ്യവിവരം കരിപ്പൂർ പൊലീസിന് ലഭിച്ചിരുന്നു. പുറത്തെത്തിയ ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കസ്റ്റംസ് സൂപ്രണ്ടിനുള്ള പങ്കിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. പുറത്തെത്തിയ സൂപ്രണ്ട് പി മുനിയപ്പയെ പരിശോധിച്ചപ്പോൾ 320 ഗ്രാം സ്വർണ്ണം കണ്ടെടുത്തു. പുറത്ത് വച്ചു 25000 രൂപ പ്രതിഫലമായി നൽകിയാൽ സ്വർണവും വിമാനതവളത്തിന് അകത്തു നിന്നും കടത്തുകാരിൽ നിന്നും വാങ്ങിവെച്ച പാസ്പോർട്ടും തിരിച്ചു നൽകാമെന്നായിരുന്നു ധാരണ.
നേരത്തെയും സമാന തരത്തിൽ സ്വർണ്ണ കടത്തിന് സൂപ്രണ്ട് ഒത്താശ ചെയ്ത് എന്നതിന് തെളിവുകളും പൊലീസിന് ലഭിച്ചു. കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ നാല് പാസ്പോർട്ടുകളും അഞ്ചു ലക്ഷത്തോളം രൂപയും വിദേശ കറൻസികളും പിടിച്ചെടുത്തു. മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞു സ്വദേശത്തേക്ക് തിരിച്ചു പോകുമ്പോഴാണ് ഇത്രയും പണവും വസ്തുക്കളുമായി സൂപ്രണ്ട് പിടിയിലായത്.
സിബിഐക്കും ഡിആർഐക്കും സംഭവം പൊലീസ് റിപ്പോർട്ട് ചെയ്യും. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam