സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ; 7 ജില്ലകളില്‍ യെല്ലോ അലർട്ട്, മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം

Published : Oct 24, 2021, 01:13 PM IST
സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ; 7 ജില്ലകളില്‍  യെല്ലോ അലർട്ട്, മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം

Synopsis

മലയോരമേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് ( heavy rain ) സാധ്യത. എവിടെയും തീവ്രമഴ മുന്നറിയിപ്പില്ലെങ്കിലും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നിങ്ങനെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (yellow alert ) പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോരമേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. ചൊവ്വാഴ്ചയോടെ കേരളത്തിൽ തുലാവർഷം തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കാലവർഷം അടുത്ത 48 മണിക്കൂറിനുള്ളിൽ പൂർണമായും പിൻവാങ്ങും. നാളെ 11 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. 

മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് കോട്ടയത്തിന്‍റെ കിഴക്കൻ മേഖല. രാത്രിയിൽ ശക്തമായ മഴ ഒരു പ്രദേശത്തും രേഖപ്പെടുത്തിയില്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ ചാറ്റൽ മഴ ഉണ്ടായിരുന്നു. പുലർച്ചയോടെ അതും നിലച്ചു. ഇന്നലെ വൈകിട്ട് അര മണിക്കൂറോളം ഉണ്ടായിരുന്ന കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. മുണ്ടക്കയം വണ്ടംപതാലിൽ ആൾപ്പാർപ്പില്ലാത്ത മേഖലയിൽ മണ്ണിടിച്ചിലുണ്ടായി. എരുമേലിയിൽ ചെമ്പകപ്പാറ എസ്റ്റേറ്റിലെ തടയണതകർന്നു. മണിമലയാറ്റിലെ ജലനിരപ്പ് ഉയരുകയും കൈവഴി തോടുകൾ നിറഞ്ഞു കവിയും ചെയ്തതോടെ തീരത്തുള്ള വരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നിലവിൽ കോട്ടയം ജില്ലയിൽ 36 ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്. 1110 കുടുംബങ്ങളാണ് ക്യാമ്പുകളിൽ ഉള്ളത്.

പത്തനംതിട്ടയിൽ മലയോരമേഖലയിൽ ശക്തമായി പെയ്ത മഴ ഇന്നലെ അർദ്ധ രാത്രിയോടെ ശമിച്ചു. ആങ്ങമുഴി വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ജലനിരപ്പ് ഉയർന്ന കക്കാട്ടാറിൽ വെള്ളം ഇറങ്ങി തുടങ്ങി. റാന്നി കുറുമ്പൻമൂഴിയിലെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ അഞ്ചു വീട്ടുകാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. റോഡിൽ വെള്ളം കയറി മുടങ്ങിയ ഗതാഗതം പുനസ്ഥാപിച്ചു. പമ്പയിലും അച്ചൻകോവിലിലും കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉള്ള നടപടിയും തുടങ്ങി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യ ബലാല്‍സംഗ കേസ് ഇന്ന് ഹൈക്കോടതിയിൽ, പരിഗണിക്കുന്നത് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ
ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും