
തിരുവനന്തപുരം : ഒത്തുതീർപ്പിനായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഇടനിലക്കാരൻ ബന്ധപ്പെട്ടെന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സ്വപ്നയുടേത് കള്ളക്കഥയാണെന്ന് സിപിഎം പ്രസ്താവനയിലൂടെ മറുപടി നൽകി. സ്വർണ്ണ കടത്തിൽ കേസ് എടുത്തത് കേന്ദ്ര ഏജൻസികളാണെന്നിരിക്കെ, കേസ് പിൻവലിക്കാൻ സിപിഎം വാഗ്ദാനം നല്കിയെന്നത് കല്ലുവെച്ച നുണയാണ്. കേന്ദ്ര ഏജൻസികളുടെ കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം.
എന്നിട്ടും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ കേസ് പിൻവലിക്കാൻ വാഗ്ധാനം നൽകിയെന്നത് നട്ടാൽ മുളക്കാത്ത നുണയാണെന്നും സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിന്റെ പേരില്‍ പാര്‍ടിക്കും, സര്‍ക്കാരിനുമെതിരെ കള്ള പ്രചാരവേല അഴിച്ചുവിടാനാണ് പ്രതിപക്ഷ പാര്‍ടികളും, ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. ചില മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്ന് തയ്യാറാക്കുന്ന ഈ തിരക്കഥകളില്‍ ഇനിയും പുതിയ കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും വാർത്താക്കുറിപ്പിൽ സിപിഎം ആരോപിച്ചു.
അതേ സമയം, തനിക്കെതിരെ ആരോപണമുന്നയിച്ച സ്വപ്നസുരേഷിനെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കണ്ണൂരില്‍ പിള്ളമാരില്ലെന്ന് പരിഹസിച്ച എംവി ഗോവിന്ദന്‍ ആദ്യ മിനിട്ടില്‍ തന്നെ പൊളിഞ്ഞ് പോയ തിരക്കഥയാണിതെന്ന് പറഞ്ഞു. ജാഥ തകര്‍ക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രി, അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍,സിപിഎം നേതാക്കളായ ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ ,പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ സ്വപ്ന സുരേഷ് നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും അവരാരും ഇതുവരെ സ്വപ്നക്കെതിരെ കേസ് കൊടുത്തിട്ടില്ല. ഗുരുതര സ്വഭാവമുള്ള ആരോപണങ്ങള്‍ പോലും അവര്‍ അവഗണിച്ച് തള്ളിക്കളയുമ്പോളാണ് എംവി ഗോവിന്ദന്‍ സ്വപ്നക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.
'ആരോപണങ്ങളെല്ലാം വിജേഷ് സമ്മതിച്ചിരിക്കുന്നു, തെളിവ് പുറത്തു വിടണമെന്ന വെല്ലുവിളി ഏറ്റെടുക്കുന്നു'
കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്നയുടെ ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദൻ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നുമാണ് സ്വപ്ന പറയുന്നത്. ബംഗലൂരുവിലുളള സ്വപ്ന സുരേഷ് ഫേസ് ബുക് ലൈവിലൂടെയാണ് ആരോപണം ഉന്നയിച്ചത്.