
തൃശ്ശൂർ: ത്യാഗമല്ല, അച്ഛനു വേണ്ടി ചെയ്യുന്ന ചെറിയ കാര്യമാണെന്ന് കരൾ പകുത്ത് നൽകാൻ ഹൈക്കോടതി അനുമതി നൽകിയ തൃശൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ. രോഗം എന്നു കേട്ടപ്പോൾ ആദ്യം പേടിയാണ് തോന്നിയത്. എന്നാൽ അച്ഛന് വേണ്ടി സ്വയം തീരുമാനം എടുക്കുകയായിരുന്നുവെന്നും ദേവനന്ദ പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള അച്ഛന് കരള്‍ പകുത്തു നല്‍കാന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി പെൺകുട്ടിക്ക് അനുമതി നല്‍കിയത്.
'ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെട്ടേ മതിയാവൂ. ഞങ്ങളുടേത് സാധാരണ കുടുംബമാണ്. ഒരു ദാതാവിനെ കണ്ടെത്തിയാൽ തന്നെ അവർക്ക് നല്ലൊരു തുക നൽകേണ്ടി വരും. അതിനൊന്നും ഞങ്ങൾക്ക് പറ്റില്ല. അതുകൊണ്ട് ഞാനായിട്ട് എടുത്ത തീരുമാനമാണ്. ഞാനിത് ആദ്യമേ ചോദിച്ചിരുന്നു. എനിക്ക് പറ്റുമെങ്കിൽ ഞാൻ നൽകാമെന്ന്. അപ്പോഴും പ്രായത്തിന്റെ തടസം ഉണ്ടായിരുന്നു. പിന്നീട് ബന്ധുവിന്റെ കരൾ കിട്ടിയാൽ പെട്ടെന്ന് ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞു. ബന്ധു പിന്മാറിയതിനാലാണ് താൻ തന്നെ മുന്നോട്ട് വന്നത്. പുറത്ത് നിന്നൊരാളെക്കാളും ഞാനാവും കൂടുതൽ ചേരുകയെന്ന് എനിക്ക് തോന്നി,'- ദേവനന്ദ പ്രതികരിച്ചു.
മകളുടെ തീരുമാനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ കരൾ രോഗിയായ അച്ഛൻ പ്രതീഷിന്റെ കണ്ഠമിടറി, കണ്ണീരണിഞ്ഞു. മകളുടേത് ഉറച്ച തീരുമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പലതവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മകൾ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഇങ്ങനെ ഒരു മകളെക്കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അച്ഛന്‍ പ്രതീഷിന് കരള്‍ പകുത്തുനല്‍കാന്‍ ഹൈക്കോടതി അനുവദിച്ചതിന്‍റെ ആശ്വാസവും സന്തോഷവും ദേവനന്ദയുടെ വാക്കുകളിലുണ്ട്. ആരും അറിയാതെ ചെയ്യണമെന്നായിരുന്നു ആഗ്രഹം. മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാവട്ടെ എന്ന് പലരും പറഞ്ഞതിനാലാണ് പുറത്തുപറഞ്ഞതെന്നും കുടുംബം പ്രതികരിച്ചു. ഇത്തരം മക്കളുള്ള രക്ഷിതാക്കള്‍ ഭാഗ്യവാന്മാരാണെന്നായിരുന്നു കരള്‍ പകുത്തു നല്‍കാനുള്ള അനുമതി നല്‍കിയ ഹൈക്കോടതി ദേവനന്ദയ്ക്ക് നല്‍കിയ അഭിന്ദനം. ആശുപത്രിയില്‍ ഇനിയും പരിശോധനകള്‍ ബാക്കിയുണ്ട്. അതിനുശേഷം ശസ്ത്രക്രിയയുടെ തീയതി നിശ്ചയിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam