ആനക്കൊമ്പ് കേസിൽ മോഹൻലാലിന് വേണ്ടി ഹാജരായത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ മകൾ

By Web TeamFirst Published May 20, 2019, 12:30 PM IST
Highlights

കൊച്ചി തേവരയിലെ മോഹൻലാലിന്‍റെ ഫ്ലാറ്റിൽ നിന്ന് 2012 ജൂണിലാണ് ആദായനികുതി വകുപ്പ് റെയ്‍ഡിൽ ആനക്കൊമ്പ് കണ്ടെത്തിയത്. കേസിൽ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതിപ്പട്ടികയിൽ ഉണ്ട്. 

കൊച്ചി: ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ച കേസിൽ മോഹൻലാലിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ മകൾ രശ്മി ഗൊഗോയ്. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനടക്കം പ്രതിപ്പട്ടികയിലുള്ള കേസിലാണ് മോഹൻലാലിന് വേണ്ടി രശ്മി ഗോഗൊയ് ഹാജരായത്. 

നേരത്തേ കേസിൽ മോഹൻലാലിനും തിരുവഞ്ചൂരിനുമെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഴിമതി നിരോധന നിയമം ലംഘിച്ചെന്ന് കാണിച്ചാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് മോഹൻലാൽ ഹൈക്കോടതിയെ ചോദ്യം ചെയ്തു. ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട മൂവാറ്റുപുഴ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. 

2012 ജൂണിലാണ് ഇപ്പോള്‍ ആനക്കൊമ്പ് കേസിന്‍റെ തുടക്കം. മോഹന്‍ലാലിന്‍റെ തേവരയിലുള്ള വീട്ടില്‍നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്‍ഡ് നടത്തിയത്. 

ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്‍റെ വിശദീകരണം. ആനക്കൊമ്പുകള്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നു പണം കൊടുത്തു വാങ്ങിയതാണെന്നും ലാല്‍ വ്യക്തമാക്കിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയത്.

റെയ്‍ഡിൽ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്ന് കോടനാട് ഫോറസ്റ്റ് അധികൃതർ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി.

കേസ് റദ്ദാക്കിയതിന് പിന്നാലെ നിലവിലെ നിയമം പരിഷ്കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാൻ സർക്കാർ അനുമതി നല്‍കി. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നിർദ്ദേശം അനുസരിച്ചാണ് അനുമതി നല്‍കിയത്.

ഇതിനിടയില്‍ താരത്തിന്‍റെ കൈയ്യിലുള്ളത് യഥാർത്ഥ ആനക്കൊമ്പുകള്‍ ആണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. മലയാറ്റൂര്‍ ഡിഎഫ്ഒയുടെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!