മീനുകളില്‍ മാരക വിഷാംശം; കർശന നടപടിയുണ്ടാകുമെന്ന് മേഴ്സിക്കുട്ടിയമ്മ

By Web TeamFirst Published Jul 10, 2019, 12:26 PM IST
Highlights

അതിര്‍ത്തി കടന്നെത്തുന്ന മീനുകളുടെ പരിശോധന കർശനമാക്കുമെന്നും മായം കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. 

ദില്ലി: മാരകമായ രാസവസ്തുക്കൾ കലർന്ന മീൻ സംസ്ഥാനത്ത് എത്താതിരിക്കാൻ കർശന നടപടികൾ തുടങ്ങിയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഇത്തരം മീൻ സംസ്ഥാനത്തെത്തിക്കുന്നവർക്ക് പിഴ ശിക്ഷ കൂടി നൽകുന്ന രീതിയിൽ നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി ദില്ലിയിൽ പറഞ്ഞു. കേരളത്തില്‍ എത്തുന്നത് മായം കലര്‍ന്ന മീനുകളാണെന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ചെന്നൈയിലെ കാശിമേട് എണ്ണൂർ ഹാർബറുകൾ കേന്ദ്രീകരിച്ച് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന മീനുകളില്‍ മാരകമായ രാസവസ്തുക്കളാണ് കലർത്തുന്നത്. സോഡിയം ബെന്‍സോയേറ്റ്, അമോണിയ, ഫോര്‍മാള്‍ഡിഹൈഡ് എന്നിങ്ങനെയുള്ള രാസവസ്തുക്കളാണ് പ്രധാനമായും മീനുകളില്‍ ഉപയോ​ഗിക്കുന്നത്.  കേരളത്തിലേക്ക് മൊത്ത കച്ചവടക്കാർ കൂടുതലായി മീന്‍ വാങ്ങുന്ന കാശിമേട്, എണ്ണൂർ എന്നീ തുറമുഖങ്ങളില്‍ ഒരു മറയുമില്ലാതെയാണ് വൻ തോതിൽ രാസ വിഷം കലർത്തുന്നത്. മീനുകള്‍ പെട്ടികളിലാക്കി വാഹനങ്ങളിലെത്തിക്കുമ്പോഴേക്കും ഗോഡൗണിൽ വച്ചും മായം ചേർക്കും.

മീനുകളിലുള്ളത് കാൻസറിന് കാരണമാകുന്ന, ദഹന സംവിധാനത്തെ തകർക്കുന്ന സോഡിയം ബെന്‍സോയേറ്റ് ആണെന്ന് ചെന്നൈ എഫ്എഫ്എസ്എസ്ഐയുടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കരൾ രോഗം മുതൽ കാഴ്ച ശക്തിയെ വരെ ബാധിക്കുന്ന ഫോര്‍മാള്‍ഡിഹൈഡും ശ്വാസനാളത്തെ ബാധിക്കുന്ന അമോണിയയും മീനുകളിൽ കണ്ടെത്തി. 

click me!