ജാക്ക് റസ്സൽ ടെറിയർ: നായ്ക്കളിലെ ഇത്തിരി കുഞ്ഞന്മാർ ഇനി K9 സ്‌ക്വാഡിലേക്ക്

By Web TeamFirst Published Nov 29, 2022, 10:23 AM IST
Highlights

യുക്രൈന്‍ യുദ്ധത്തില്‍ റഷ്യ വിക്ഷേപിച്ച 200 അധികം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിന്  സഹായിച്ചത് പാട്രണ്‍ എന്ന് ജാക്ക് റസ്സല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട നായയാണ്. ഇതിലൂടെ ഈ സ്ഫോടക വസ്തുക്കള്‍ നിര്‍വനീര്യമാക്കുന്നതിനും നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനും കഴിഞ്ഞു. 


തിരുവനന്തപുരം: നായ്ക്കളിലെ ഇത്തിരിക്കുഞ്ഞന്മാര്‍ കേരളാ പൊലീസിന്‍റെ കെ 9 സ്ക്വാഡിന്‍റെ ഭാഗമാകുന്നു. കേരളാ പൊലീസിലെ ഡോഗ് സ്ക്വാഡിന്‍റെ സേവനങ്ങള്‍ക്ക് ഇനി ഇവരെയും ഒപ്പം കൂട്ടും. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യ വിക്ഷേപിച്ച 200 അധികം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിന്  സഹായിച്ചത് പാട്രണ്‍ എന്ന ജാക്ക് റസ്സല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട നായയാണ്. ഇതിലൂടെ ഈ സ്ഫോടക വസ്തുക്കള്‍ നിര്‍വനീര്യമാക്കുന്നതിനും നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനും കഴിഞ്ഞു. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതില്‍ മിടുക്ക് തെളിയിച്ച ഈ ഇത്തിരി കുഞ്ഞന്മാരെ കേരളാ പൊലീസും സ്വന്തമാക്കിയിരിക്കുകയാണ്. തങ്ങളുടെ ഫേസ് ബുക്ക് പേജ് വഴിയാണ് കേരളാ പൊലീസ് ഇത്തിരി കുഞ്ഞന്മാരുടെ വരവ് അറിയിച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: 

'പാട്രൺ' എന്ന,  ജാക്ക് റസ്സൽ ടെറിയർ ഇനത്തിൽപ്പെട്ട നായ  ഈയടുത്തകാലത്ത് ലോകശ്രദ്ധ നേടിയിരുന്നു. ഉക്രൈനിൽ ആക്രമണം തുടങ്ങിയ ശേഷം റഷ്യ നിക്ഷേപിച്ച 200 ലധികം സ്ഫോടകവസ്തുക്കൾ 'പാട്രൺ' കണ്ടെത്തുകയും ഉക്രൈൻ സേനയ്ക്ക് അവയെ നിർവീര്യമാക്കി നിരവധിപേരുടെ ജീവൻ രക്ഷിക്കാൻ കഴിയുകയും ചെയ്തു. 

ജാക്ക് റസ്സൽ ടെറിയർ  നായ്ക്കൾക്ക് ഗന്ധം തിരിച്ചറിയുന്നതിനുള്ള പ്രത്യേക കഴിവുള്ളതിനാൽ ഇവയെ മികച്ച എക്സ്പ്ലോസീവ് സ്‌നിഫർ നായ്ക്കളായി ഉപയോഗിക്കുന്നു. നിർഭയരും ഊർജ്ജസ്വലരുമാണിവർ. ശാരീരികമായി വലിപ്പം കുറവായതിനാൽ ഇടുങ്ങിയ ഇടങ്ങളിൽ പ്രവേശിക്കാനും സ്‌ഫോടക വസ്തുക്കൾ, നിരോധിത ലഹരിവസ്തുക്കൾ തുടങ്ങിയവ കണ്ടെത്താനും  ഇവയ്ക്ക് എളുപ്പം കഴിയുന്നു. 

നാല്  'ജാക്ക് റസ്സൽ ടെറിയർ' നായകൾ ഇന്ന്  കേരള പോലീസിന്റെ K9 സ്‌ക്വാഡിൽ ചേരുകയാണ്.  ഈ ഇനം നായകളുടെ ആയുസ്സ്,  13 മുതൽ 16 വർഷം വരെ ആണെങ്കിലും K9 സ്‌ക്വാഡിൽ ഇവയെ 12 വർഷം വരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും.  

മൂന്ന് ജർമ്മൻ ഷെപ്പേഡ് നായ്ക്കളെ ഉൾപ്പെടുത്തി 1959 ലാണ് തിരുവനന്തപുരത്ത് ആദ്യമായി കേരള പോലീസ് ഡോഗ് സ്‌ക്വാഡ് ആരംഭിച്ചത്.  ജാക്ക് റസ്സൽ ടെറിയർ നായകൾ ഇന്ന്  സ്‌ക്വാഡിന്റെ ഭാഗമാകുമ്പോൾ ഇന്ത്യൻ/വിദേശ ബ്രീഡുകൾ ഉൾപ്പെടെ K9 സ്‌ക്വാഡിലെ മൊത്തം ബ്രീഡുകളുടെ എണ്ണം പത്തായി മാറും. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡോഗ് സ്‌ക്വാഡുകളിൽ ഒന്നായ K9 സ്‌ക്വാഡിന്  19 പോലീസ് ജില്ലകളിലും മികച്ച പരിശീലനം ലഭിച്ച നായ്ക്കളും ഹാൻഡ്‌ലർമാരുമുണ്ട്. 

2008 ൽ തൃശൂരിൽ പ്രവർത്തനം ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ SDTS (സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്‌കൂൾ) ലാണ് നായകൾക്കും ഹാൻഡ്‌ലർമാർക്കും അടിസ്‌ഥാന പരിശീലനം, റിഫ്രഷർ കോഴ്‌സുകൾ തുടങ്ങിയവ നൽകിവരുന്നത്.
 

 

click me!