ബിജെപിയോട് അടുക്കാൻ യാക്കോബായ സഭ, പിന്തുണക്കുന്നത് സഭാ പരിഗണനയിൽ

By Web TeamFirst Published Mar 9, 2021, 8:48 AM IST
Highlights

സഭ തർക്ക പരിഹാരത്തിന് കേന്ദ്ര സർക്കാർ പിന്തുണ അനിവാര്യമാണെന്നും ആ സാഹചര്യത്തിൽ  ബിജെപിയെ പിന്തുണക്കണമെന്നുമാണ് യോഗങ്ങളിൽ ഒരു വിഭാഗം മുന്നോട്ട് വെക്കുന്ന നിർദ്ദേശം.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരസ്യമായി പിന്തുണക്കാൻ യാക്കോബായ സഭാ നീക്കം. എറണാകുളത്തെ 5 മണ്ഡലങ്ങളിൽ എൻഡിഎയ്ക്കായി സഭാ സ്ഥാനാർഥികൾ മത്സരിക്കുന്നതും പരിഗണനയിലുണ്ട്. ഇക്കാര്യം ആലോചിക്കുന്നതിനായി അടിയന്തര സഭാ സൂനഹദോസും ചേരുകയാണ്.

പളളിത്തർക്കത്തിൽ ഇടത്-വലത് മുന്നണികൾ കൈവിട്ടതോടെയാണ് യാക്കാബോയ സഭയുടെ ഈ പുത്തൻ രാഷ്ടീയ നീക്കം. ഓർത്തഡോക്സ് സഭയുമായി സമവായമുണ്ടാക്കാമെന്ന് കേന്ദ്ര സർക്കാരും ബിജെപി കേന്ദ്ര നേതൃത്വവും വാക്കുകൊടുത്ത പശ്ചാത്തലത്തിലാണ് താമരയെ ചേർത്തുപിടിക്കാൻ യാക്കോബായ സഭ ആലോചിക്കുന്നത്. ഇന്നലെ ചേർന്ന സഭാ വർക്കിങ് കമ്മിറ്റി യോഗം നീക്കത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയായിട്ടാണ് മെത്രാൻ സമിതിയായ സൂനഹദോസും വിഷയം ചർച്ചക്കെടുത്തത്. 

നിലവിലെ ധാരണയനുസരിച്ച് ബിജെപിയ്ക്ക് അനുകൂലമായ പരസ്യനിലപാട് സഭ സ്വീകരിക്കും. പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുന്പാവൂർ, കോതമംഗലം മണ്ഡലങ്ങളിൽ എൻഡിഎ പിന്തുണയോടെ സഭാ സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് ആലോചന. സഭാ വൈദികരെയടക്കം സ്ഥാനാർഥികളായി പരിഗണിക്കുന്നുണ്ട്. 

കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാൻ ശ്രമിക്കുന്ന ബിജെപി ഈ നീക്കത്തെ സുവർണാവസരമായിട്ടാണ് കാണുന്നത്. സഭാ വിശ്വാസികൾക്ക് മുൻതൂക്കമുളള മണ്ഡലങ്ങളിൽ അവരെത്തന്നെ സ്ഥാനാർഥികളാക്കിയാൽ വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ഈ നീക്കം. സൂനഹദോസിന് പിന്നാലെ അടുത്ത ദിവസം ചേരുന്ന സഭാ മാനേജിങ് കമ്മിറ്റിയോഗമാണ് നീക്കത്തിന് അന്തിമ അംഗീകാരം നൽകേണ്ടത്. 

എന്നാൽ നീക്കത്തിന് തടയിടാനുളള ശ്രമങ്ങളും യുഡിഎഫ് -എൽ ഡിഎഫ് കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. സഭയോട് അടുത്തുനിൽക്കുന്ന നേതാക്കൾ അടക്കമുളളവരെ ഇറക്കിയാണ് നീക്കം. 

click me!