
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യല്ലിന് ഹാജരായ ശേഷം മന്ത്രി കെ.ടി.ജലീൽ തിരുവനന്തപുരത്ത് തിരിച്ചെത്തി. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യല്ലിനൊടുവിൽ വൈകിട്ട് കൊച്ചിയിൽ നിന്നും പുറപ്പെട്ട ജലീൽ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചാണ് സഞ്ചരിച്ചത്.
വൻ പൊലീസ് സന്നാഹത്തോടെയാണ് കെടി ജലീൽ സ്വകാര്യ വാഹനത്തിൽ കൻ്റോൺമെൻ്റ് ക്യാംപസിലെ ഔദ്യോഗിക വസതിയിലേക്ക് എത്തിയത്. ജലീൽ വരുന്നതറിഞ്ഞ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി ദേശീയപാതയിൽ നേരത്തെ തമ്പടിച്ചിരുന്നു. ഇവരെ തടയാനായി പിഎംജി മുതൽ എൽഎംഎസ് വരെയുള്ള ഗതാഗതം പൂർണമായും തടഞ്ഞിരുന്നു.
എൻഐഎ ഓഫീസിലേക്ക് പോയ വാഹനത്തിൽ അല്ല കെടി ജലീൽ മടങ്ങിയെത്തുന്നത്. ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് കെടി ജലീൽ ചോദ്യം ചെയ്യല്ലിന് പോയതും വരുന്നതും. അതേസമയം കൊവിഡ് ജാഗ്രതയ്ക്കിടയിലും പ്രതിപക്ഷ പാർട്ടികൾ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമ്പോഴും ജലീലിനെ സംരക്ഷിക്കുന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സിപിഎമ്മും.
ജലീലിൻ്റെ പേരിൽ കേസില്ലെന്നും നിയമവിരുദ്ധമായ ഒരു കാര്യവും ജലീൽ ചെയ്തിട്ടില്ലെന്നും ഇന്ന് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജലീൽ തെറ്റുകാരനാണെങ്കിൽ തൂക്കിക്കൊല്ലാനും അന്വേഷണ ഏജൻസി ചോദ്യം ചെയ്തതിൻ്റെ പേരിൽ മന്ത്രി രാജിവയ്ക്കില്ലെന്നും എകെ ബാലൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam