പിഎഫ്ഐ നിരോധനം ജനാധിപത്യ വിരുദ്ധമെന്ന് ജമാഅത്തെ ഇസ്ലാമി, ആശയത്തെ ഇല്ലാതാക്കണമെന്ന് സുന്നി യുവജന സംഘടന

By Web TeamFirst Published Sep 28, 2022, 1:16 PM IST
Highlights

നിയമ വിരുദ്ധമായി പ്രവർത്തനം നടത്തിയിൽ അതിനെ നിയമപരമായി നേരിടുകയാണ് വേണ്ടതെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി.

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം നേതാവ് എം.ഐ. അബ്ദുല്‍ അസീസ്. സര്‍ക്കാര്‍ നടപടി അപലപനീയമാണ്. സംഘടിക്കാനും ആശയ പ്രചാരണം നടത്താനും പൗരന് ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഇതിനെ ഭരണകൂടം തന്നെ റദ്ദ് ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. രാജ്യത്തെ നിയമം ലംഘിക്കുകയും രാജ്യസുരക്ഷയെയും ക്രമസമാധാനത്തെയും തകര്‍ക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരികയും ശക്തമായ നടപടി സ്വീകരിക്കുകയും വേണം. അതേസമയം, സംഘടനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യയുടെ പരമാധികാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന ഫാസിസ്റ്റ് സംഘങ്ങള്‍ സ്വൈര്യവിഹാരം നടത്തിക്കൊണ്ടിരിക്കെ പോപ്പുലര്‍ ഫ്രണ്ടിന് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതും വായ മൂടിക്കെട്ടുന്നതും വിവേചനപരമാണ്. ആശയപ്രബോധനങ്ങളിലൂടെ ആശയങ്ങളെ നേരിടുകയെന്നതാണ് രാജ്യത്തിന്‍റെ പാരമ്പര്യമെന്നും എം.ഐ. അബ്ദുല്‍ അസീസ് വ്യക്തമാക്കി. 

ആശയം ഇല്ലാതാക്കണമെന്ന് സുന്നി യുവജന സംഘടന

പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ നിരോധിക്കുയല്ല അവരുടെ ആശയം തന്നെ ഇല്ലാതാക്കണമെന്നും ഇതിനായി വ്യാപക ബോധവത്കരണം വേണമെന്നും സുന്നി യുവജന സംഘം വ്യക്തമാക്കി. നിരോധിച്ചാൽ പേരുകൾ മാറ്റി പ്രവർത്തിക്കാൻ ഇവര്‍ മുൻകൂട്ടി ആസൂത്രണം ചെയ്തിരിക്കും. അതിനാൽ  ആശയം ഇല്ലാതാക്കിയാലേ പ്രയോജനമുള്ളൂവെന്ന് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.

പിഎഫ്ഐയെ നിരോധിച്ചത് അവർ സമൂഹത്തിൽ ചെയ്തു കൂട്ടുന്ന തീവ്രവാദ പ്രവർത്തനങ്ങള്‍ കൊണ്ടു തന്നെയെന്നായിരുന്നു കേരള നദ്‍വത്തുല്‍ മുജാഹീദ്ദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനിയുടെ പ്രതികരണം. പിഎഫ്ഐക്ക് സമാനമായ ധ്രുവീകരണമാണ് ആര്‍എസ്എസും സമൂഹത്തില്‍ നടത്തുന്നതെന്നും അധികാരികള്‍ക്ക് ഇക്കാര്യങ്ങളെ നീതിപൂര്‍വം കാണാന്‍ കഴിയണമെന്നും കെഎന്‍എം ആവശ്യപ്പെട്ടു. 

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തില്‍ കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇന്‍റലിന്‍റ്സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷയൊരുക്കിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീട്ടിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിരോധിച്ച് ഉത്തരവിറക്കി. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ നിരോധനമാണ് ഏര്‍പ്പെടുത്തിയത്.  ഭീകര പ്രവർത്തന ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം. 

രണ്ട് തവണയാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി  നടത്തിയ റെയ‍്ഡിൽ 106  പേർ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയില്‍ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റിലായിരുന്നത്. 

click me!