
കോഴിക്കോട്: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി. നിലവിൽ നടക്കുന്നത് അനാവശ്യ ചർച്ചകളാണെന്നും കാന്തപുരത്തിൻ്റെ പ്രസ്താവനയെ മറയാക്കി ഇസ്‌ലാമിനെ പൈശ്ചികവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ പ്രതികരിച്ചു. കാന്തപുരത്തിൻ്റെ പ്രസ്താവനയോട് മുസ്ലിം സമുദായത്തിന് തന്നെ വിയോജിപ്പുണ്ടെന്നും പി മുജീബുറഹ്‌മാൻ വ്യക്തമാക്കി. ഇസ്‌ലാമോഫോബിയ വളർത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാന്തപുരത്തെ തള്ളി പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും രംഗത്തെത്തി. ഇസ്ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങൾ എവിടെയും നിഷ്കർഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാം മതം സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് വെള്ളിയാഴ്ചയിലെ ജുമാ പ്രഭാഷണത്തിൽ പാളയം ഇമാം വി പി സുഹൈബ് മൗലവി പറഞ്ഞു. സ്ത്രീകൾക്ക് അവരുടെ ആവശ്യങ്ങൾക്കായി പുറത്തിറങ്ങാമെന്നും സാമൂഹിക ഇടപെടലുകൾ യാഥാസ്ഥിതികർ വ്യാഖ്യാനിക്കുന്നതുപോലെ പരിമിതപ്പെടുത്തപ്പെട്ടതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ശ്രമം നടക്കുന്നതായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഫേസ്ബുക്ക് കുറുപ്പിലൂടെ പ്രതികരിച്ചു. മുൻ സ്പീക്കർ എ എൻ ഷംസീറും ബ്രിന്ദ കാരാട്ടും കാന്തപുരത്തെ തള്ളി രംഗത്തുവന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam