തിരുവനന്തപുരം: 'ക്യാമറയില്‍ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തിയതുകൊണ്ടു മാത്രമാണ് ഇതെല്ലാം പുറത്തു വന്നത്. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടലാണ്. ആ ക്യാമറയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞങ്ങളെ അവര്‍ എന്തുചെയ്യുമായിരുന്നുവെന്നുപോലും ചിന്തിക്കാന്‍ കഴിയുന്നില്ല'. ജാമിയ മിലിയയില്‍ പൊലീസിന്‍റെ ക്രൂരമായ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികളിലൊരാളായ ലദീദ ഫര്‍സാനയുടെ വാക്കുകള്‍. 'ക്യാംപസിനകത്ത് പലര്‍ക്കും ചികിത്സപോലും കിട്ടിയില്ല. ആംബുലന്‍സ് പൊലീസ് തിരിച്ചയച്ച സാഹചര്യം പോലുമുണ്ടായി. കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയതെന്നും ലദീദ ഫര്‍സാന ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു.
ജാമിയ മിലിയ വിദ്യാര്‍ത്ഥിനി ലദീദ ഫര്‍സാനയുടെ വാക്കുകള്‍:
"ആദ്യം അവർ ബാരിക്കേഡ് വച്ച് ഒരു സ്ഥലം ബ്ലോക്ക് ചെയ്തു. പ്രതിഷേധക്കാർ അപ്പോൾ വേറൊരു സ്ഥലത്തേക്ക് മാറി. ഞങ്ങൾ കുറച്ച് പുറകിലായിരുന്നു. പെട്ടെന്ന് മുന്നിലുള്ള ആൾക്കാർ ഭയങ്കരായിട്ട് അലറിവിളിച്ചുകൊണ്ട് പുറകോട്ട് ഓടിവന്നു. അപ്പോൾ ഞങ്ങൾക്ക് എന്താണ് നടക്കുന്നതെന്ന് ആദ്യം മനസിലായില്ല. ഞങ്ങളതിന്റെ ഉള്ളില് പെട്ടുപോയി. പേടിച്ച് ഒരു മരത്തിന് പിറകില്‍ ഒളിച്ചിരുന്നു. ആ സമയത്താണ് തലപൊട്ടി ഒരു പെണ്‍കുട്ടിയെത്തി. ഞങ്ങള്‍ അവരെ ട്രീറ്റ് ചെയ്യവേ പൊലീസ് എത്തി ഞങ്ങളോട് അവിടെനിന്നും പോകാനാവശ്യപ്പെട്ടു.
ഞങ്ങള്‍ കുറച്ച് പെണ്‍കുട്ടികള്‍ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ആ സമയത്ത് ഞങ്ങളുടെ സുഹൃത്ത് ഷഹീൻ( ഷഹീൻ അബ്ദുള്ള) ഞങ്ങളെ അവിടെ നിന്നും രക്ഷപ്പെടുത്താനായി വന്നു. അവന്‍ മീഡിയ വിദ്യാര്‍ത്ഥിയാണ്. ഒരു മീഡിയയില്‍ ജോലി ചെയ്യുന്നുമുണ്ട്. ആ മീഡിയാ കാര്‍ഡുമായാണ് എത്തിയത്. പൊലീസ് ആക്രമിച്ചപ്പോള്‍ മീഡിയാ കാര്‍ഡ് ഉയര്‍ത്തിക്കാണിച്ച് മീഡിയയാണെന്ന് അവന്‍ പറഞ്ഞു. എന്നാല്‍ പൊലീസ് അത് ശ്രദ്ധിക്കാതെ ലാത്തിഉപയോഗിച്ച് അടിക്കുകയായിരുന്നു. ഞങ്ങള്‍ കുറച്ച് കുട്ടികള്‍ മാത്രമുള്ളിടത്തേക്ക് അവര്‍ ടിയര്‍ ഗ്യാസ് ഉപയോഗിച്ചു. എനിക്ക് ശ്വാസം മുട്ടലുണ്ടായി.
എന്നെ കൂട്ടുകാര്‍ ചേര്‍ന്ന് വീട്ടിലുള്ളിലേക്ക് കൊണ്ടുപോയി. പിന്നീട് പൊലീസ് വീട് വളഞ്ഞു. ഷെഹിനോട് 'ബാഹര്‍ ആവോ' എന്ന് ആവശ്യപ്പെട്ടു. അതിനിടെ അവര്‍ അവനെ വലിച്ച് പുറത്തേക്കിട്ട് അടിക്കാന്‍ തുടങ്ങി. ഞങ്ങള്‍ തടഞ്ഞു. ഞങ്ങള്‍ക്കും പൊലീസിന്‍റെ അടികിട്ടി. ക്യാമറയില്‍ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തിയതുകൊണ്ടു മാത്രമാണ് ഇതെല്ലാം പുറത്തു വന്നത്. ഇപ്പോഴും ഞെട്ടലാണ് ഓര്‍ക്കുമ്പോള്‍. ആ ക്യാമറയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഞങ്ങളെ അവര്‍ എന്തുചെയ്യുമായിരുന്നുവെന്നുപോലും ചിന്തിക്കാന്‍ കഴിയുന്നില്ല. എന്തിനാണ് ഞങ്ങളെ അടിച്ചതെന്ന് അറിയില്ല. ഷെഹിന്‍ അവിടേക്ക് വന്നത് ഞങ്ങളെ രക്ഷപ്പെടുത്താനാണ്. അവന്‍ ഒരുതരത്തിലും പൊലീസിനെ പ്രകോപിപ്പിച്ചിട്ടില്ല.
അവനെ ഞങ്ങള്‍ കവര്‍ ചെയ്തു പിടിക്കുമായിരുന്നു. അല്ലായിരുന്നെങ്കില്‍ അവനെ പൊലീസ് എന്തെങ്കിലും ചെയ്തേനെ. ക്യാമറയുണ്ടായതുകൊണ്ട് മാത്രമാണ് പൊലീസ് അവിടെ നിര്‍ത്തിയത്. പരീക്ഷാകാലമായതിനാല്‍ ലൈബ്രറി ഫുള്ളാണ്. നിറയെകുട്ടികളുള്ളിടത്തേക്കാണ് ടിയര്‍ ഗ്യാസ് പൊലീസ് എറിഞ്ഞത്. ക്യാംപസിനകത്ത് പലര്‍ക്കും ചികിത്സപോലും കിട്ടിയില്ല. ആംബുലന്‍സ് പൊലീസ് തിരിച്ചയച്ച സാഹചര്യം പോലുമുണ്ടായി. കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് പെരുമാറിയത്. കുട്ടികളെ പട്ടികളെപോലെയാണ് തല്ലിയത്"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam