സികെ ജാനുവിന് കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് പ്രസീത

By Web TeamFirst Published Jun 2, 2021, 1:31 PM IST
Highlights

സുരേന്ദ്രൻ ജാനുവിന് പണം കൊടുത്തത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനല്ല. വ്യക്തിപരമായാണ് നൽകിയതെന്ന് പ്രസീത

കണ്ണൂർ: സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. കണ്ണൂരിൽ വാർത്താ സമ്മേളനം നടത്തിയാണ് അവർ ആരോപണം ഉന്നയിച്ചത്. ജാനു ചോദിച്ചത് 10 കോടി രൂപയാണെന്നും പ്രസീത പറയുന്നു. പ്രസീതയുടെ ഫോൺ സംഭാഷണം വാട്സാപ്പിലൂടെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം പൊതുമധ്യത്തിൽ വിളിച്ചുപറഞ്ഞ് പ്രസീത രംഗത്ത് വന്നത്. ആരോപണം നിഷേധിച്ച സികെ ജാനു, തനിക്ക് അമിത് ഷായുമായടക്കം ബന്ധമുണ്ടെന്നും ഇടനിലക്കാരെ വെക്കേണ്ട ആവശ്യമില്ലെന്നും പ്രതികരിച്ചു.

കെ.സുരേന്ദ്രൻ്റെ വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാർച്ച് 6 നാണ് ജാനുവിന് പണം നൽകിയതെന്ന് പ്രസീത പറയുന്നു. പണം കിട്ടിയതോടെയാണ് അമിത് ഷാ പങ്കെടുത്ത പരിപാടിക്ക് ജാനു എത്തിയത്. സുരേന്ദ്രൻ ജാനുവിന് പണം കൊടുത്തത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനല്ലെന്നും വ്യക്തിപരമായാണ് നൽകിയതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. എൻഡിഎ വിട്ട് ഇടതുപക്ഷത്തേക്ക് പോയ ജാനു, ഈ സമയത്ത് നേതാക്കളോട് പണം വാങ്ങിയെന്നും, അത് കൊടുക്കാതെ തിരികെ എൻഡിഎയിലേക്ക് വരാനാവില്ലെന്നുമായിരുന്നു ജാനു പറഞ്ഞത്. അതിന് വേണ്ടിയായിരുന്നു പത്ത് ലക്ഷം രൂപ വാങ്ങിയത്. ഇതിന് ശേഷവും സി കെ ജാനുവിന് സുരേന്ദ്രൻ പണം നൽകിയെന്നും ആരോപണമുണ്ട്. ബത്തേരിയിൽ മാത്രം 1.75 കോടി തെരഞ്ഞെടുപ്പിനെന്ന് പറഞ്ഞ് ഒഴുക്കിയെന്നാണ് വിവരം. സി കെ ജാനു മുഖംമൂടി മാത്രമാണ്. ആദിവാസികളുടെ തലയെണ്ണി പണം വാങ്ങുകയാണ് അവർ ചെയ്തത്. പാർട്ടിയെ മറയാക്കി പണം വാങ്ങുകയായിരുന്നു ജാനു ചെയ്തത്. പാർട്ടി പ്രവർത്തനത്തിന് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയാണ്. തലപോയാലും താമര ചിഹ്നത്തിൽ മത്സരിക്കില്ലെന്ന് പറഞ്ഞ ജാനു പണത്തിന് വേണ്ടിയാണ് വാക്കു മാറ്റിയതെന്നും പ്രസീത ആരോപിക്കുന്നു. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!