സുരേന്ദ്രൻ തുടരുമെന്ന ജാവ്ഡേക്കറുടെ പ്രഖ്യാപന വാർത്ത മുക്കി ജന്മഭൂമി, പരിശോധിക്കുമെന്ന് എംഡി

By Web TeamFirst Published Jan 8, 2023, 6:40 PM IST
Highlights

നേതാക്കൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾക്കിടെ, ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തുടരുമെന്ന പ്രകാശ് ജാവ്ഡേക്കറുടെ പ്രസ്താവന വാർത്ത പാര്‍ട്ടി പത്രമായ ജന്മഭൂമി പ്രസിദ്ധീകരിച്ചില്ല.

തിരുവനന്തപുരം : അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ദേശീയ നേതാക്കളാവര്‍ത്തിക്കുമ്പോഴും, കേരളാ ബിജെപിയിലെ പടലപ്പിണക്കങ്ങൾക്ക് അവസാനമായില്ലെന്ന് സൂചന. നേതാക്കൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾക്കിടെ, ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തുടരുമെന്ന പ്രകാശ് ജാവ്ഡേക്കറുടെ പ്രസ്താവന വാർത്ത പാര്‍ട്ടി പത്രമായ ജന്മഭൂമി പ്രസിദ്ധീകരിച്ചില്ല. വിഷയം ചർച്ചയായതോടെ പരിശോധിക്കുമെന്ന് ജന്മഭൂമി എംഡി പ്രതികരിച്ചു. കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിൽ ബിജെപിയിൽ അഭിപ്രായ വ്യത്യാസമെന്ന നിലയിൽ വിലയിരുത്തലുകൾ പ്രചരിക്കുന്നതിനിടെയാണ് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിക്കാതിരുന്നത്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ജന്മഭൂമിയുടെ നടപടി സുരേന്ദ്രനോടുള്ള എതിർപ്പിൻറെ സൂചനയായാണ് വിലയിരുത്തൽ. 

സുരേന്ദ്രനെ മാറ്റുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കൊണ്ടാണ് ഇന്നലെ ആലപ്പുഴയിൽ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്ഡേക്കർ കേന്ദ്ര നേതൃത്വത്തിൻറെ നിലപാട് വ്യക്തമാക്കിയത്. പോരാളിയായ സുരേന്ദ്രൻ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് നയിക്കുമെന്ന പ്രഖ്യാപനം മാധ്യമങ്ങളെല്ലാം വലിയ വാർത്തയാക്കിയപ്പോൾ ജന്മഭൂമി മുക്കി. ജന്മഭൂമിയുടെ തമസ്കക്കരണത്തിൻറെ ഞെട്ടലിലാണ് സംസ്ഥാന ബിജെപി നേതൃത്വം. നേരത്തെ സുരേന്ദ്രനുമായി ബന്ധപ്പെട്ട പല വാർത്തകളും ജന്മഭൂമി പ്രാധാന്യം കുറച്ചുനൽകിയെന്ന പരാതി നിലനിൽക്കെയാണ് നിർണ്ണായക പ്രഖ്യാപന വാർത്തയും ഒഴിവാക്കിയത്. 

നിലവിൽ ജന്മഭൂമി എംഡിയും എഡിറ്ററും ആർഎസ്എസ് ചുമതലയുള്ളവരാണ്. ആർഎസ്എസ്സിലെ ഒരു വിഭാഗത്തിന് സുരേന്ദ്രനോട് നേരത്തെ എതിർപ്പുണ്ട്. അതിൻറെ തുടർച്ചയായാണ് വാർത്ത മുക്കലെന്നാണ് സുരേന്ദ്രനെ അനുകൂലിക്കുന്നവർ കരുതുന്നത്. സംഭവം പരിശോധിക്കുമെന്ന് ജന്മഭൂമി എംഡി എൻ രാധാകൃഷണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു ജാവ്ഡേക്കറുടെ പ്രഖ്യാപനം.

ജന്മഭൂമി വിവാദം നിലനിൽക്കെ കോർകമ്മിറ്റി അംഗങ്ങളെല്ലാം സുരേന്ദ്രൻ തുടരുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് വാർത്താകുറിപ്പിറക്കി. എതിർചേരിയിലുള്ള പികെ കൃഷ്ണദാസ്, എംടി രമേശ് അടക്കം മുഴുവൻ കോർകമ്മിറ്റി അംഗങ്ങളുടേയും പേരിലുള്ള പ്രസ്താവന പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് പ്രചാരണം നടക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു. കേന്ദ്ര നേതൃത്വത്തിൻറെ നിർദ്ദേശപ്രകാരമാണ് ഈ അസാധാരണ സംയുക്ത പ്രസ്താവന. ഓ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, അബ്ദുളള കുട്ടി, സി.കെ.പത്മനാഭൻ, പി.കെ.കൃഷ്ണദാസ്, എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി.സുധീർ എന്നിവരാണ് ജവ്ഡേക്കറുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. 

കേരള ബി.ജെ.പി നേതൃത്വം ബഹുജനാടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്. നരേന്ദ്രമോദിയുടെ ജനപ്രിയ നയങ്ങളിൽ വിറളി പൂണ്ട ഇടതു വലത് മുന്നണികൾ ബി.ജെ.പിയെ അപകീർത്തിപ്പെടുത്തുന്നതിന് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന അപവാദ പ്രചരണം നടത്തുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവർ ബി.ജെ.പിക്കെതിരെ ആസൂത്രിതമായ കള്ള പ്രചരണം നടത്തിവരുന്നു. ഇടത്- വലത് മുന്നണികൾ തങ്ങളുടെ അഴിമതിയും കുംഭകോണവും മൂടിവയ്ക്കുന്നതിനും ഒത്തുകളി മറച്ചുവെക്കുന്നതിനും വേണ്ടിയാണ് ഈ വ്യാജ പ്രചരണം നടത്തുന്നതെന്നും ബിജെപി കോര്‍ കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വിമര്‍ശിച്ചു.  

 

click me!