ജനത കർഫ്യൂവിൽ രാജ്യം നിശ്ചലം; റോഡുകളും വിപണിയും വിജനം

By Web TeamFirst Published Mar 22, 2020, 2:04 PM IST
Highlights

തമിഴ്നാട്ടിൽ കർഫ്യൂ പുലർച്ചെ അഞ്ച് മണി വരെ നീട്ടിയിട്ടുണ്ട്. 

ദില്ലി: കൊവിഡ് വൈറസ് ബാധയ്ക്കെതിരായ പ്രതിരോധമെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിൽ രാജ്യം നിശ്ചലമായി. വൈറസ് ബാധയിൽ ജനങ്ങൾക്കുള്ള ആശങ്കയും അരക്ഷിതാവസ്ഥയും പ്രകടമാക്കുന്ന തരത്തിലാണ് കർഫ്യൂവിനോടുള്ള പ്രതികരണം. രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളും കർഫ്യൂവിൽ വിജനമായി. അതേസമയം തമിഴ്നാട്ടിൽ കർഫ്യൂ പുലർച്ചെ അഞ്ച് മണി വരെ നീട്ടിയിട്ടുണ്ട്. 

ഇന്നലെ യാത്ര പുറപ്പെട്ട ദീർഘദൂര ബസുകളിലും ട്രെയിനുകളിലുമുണ്ടായിരുന്ന യാത്രക്കാർ രാവിലെ എത്തിചേർന്നപ്പോൾ ഉണ്ടായ തിരക്കൊഴിച്ചാൽ രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളെല്ലാം ആളൊഴിഞ്ഞ നിലയിലായിരുന്നു. റെയിൽവേ പ്രധാന തീവണ്ടി സർവീസുകളെല്ലാം ഇന്ന് റദ്ദാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകളെല്ലാം ഇന്ന് സർവീസ് നടത്തിയില്ല.  

ദില്ലി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂരിഭാഗം ജനങ്ങളും വീടുകളിൽ തന്നെ തങ്ങി. എല്ലാ സംസ്ഥാനങ്ങളിലും റോഡുകളും വിപണികളുംവിജനമായി. കൊവിഡിനെതിരായ പോരാട്ടത്തിൽ ഓരോ പൗരനും സൈനികരാണെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദില്ലിയിലെ കൊണാട് പ്ളേസ് ഉൾപ്പടെ പ്രധാന വ്യാപാര കേന്ദ്രങ്ങൾ, രാജ്പഥും ഇന്ത്യാഗേറ്റ് പരിസരവുമൊക്കെ വിജനമായി. 

ഇന്ത്യാഗേറ്റിന് സമീപം എത്തിയ പൊതുജനങ്ങളെ ദില്ലി പൊലീസ് പനിനീർ പുഷ്പങ്ങൾ നൽകി മടക്കി അയച്ച കാഴ്ച കർഫ്യൂ ദിനത്തിൽ കൌതുകം സൃഷ്ടിച്ചു. റോഡുകളിൽ പൊലീസിന്‍റെയും ഫയർഫോഴ്സിൻ്റേയും മാധ്യമങ്ങളുടെയുടെ വാഹനങ്ങൾ മാത്രമേ കണ്ടുള്ളൂ. ജമ്മുകശ്മീർ ഉൾപ്പടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഇതു പോലെ കൊവിഡിനെ നേരിടാൻ ഒന്നിച്ചുനിന്നു. 

ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു, മൈസൂരു, ഹൈദരാബാദ്,  വിജയവാഡ എന്നിവിടങ്ങളും ജനതാ കർഫ്യൂവിൽ നിശ്ചലമായി. ഹിമാൽപ്രദേശ്, ഉത്തരാഖണ്ഡ്, ലഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ബീഹാര്‍, മഹാരാഷ്ട്ര, മധ്രപ്രദേശ് തുടങ്ങി എല്ലായിടത്തും 99 ശതമാനത്തിലധികം ആളുകളും വീടുകളിൽ തന്നെ തങ്ങി. കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങൾ ചിലവിട്ട് വീടുകളിൽ തന്നെ എല്ലാവരും കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു. 

മരുന്ന്, പാൽ പോലുള്ള അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമാണ് ഇന്ന് രാജ്യവ്യാപകമായി തുറന്നത്. രാജ്യത്താകെ 3700
ട്രെയിൻ സര്‍വ്വീസുകൾ നിര്‍ത്തിവെച്ചു. മെട്രോ സര്‍വ്വീസുകളും വിമാനസര്‍വ്വീസുകളും ഭാഗികമായി നിര്‍ത്തി. പൊതുപരിപാടികളെല്ലാം റദ്ദാക്കി രാഷ്ട്രീയം മറന്ന് ജനപ്രതിനിധികളും വീടുകൾക്കുള്ളിൽ തന്നെ തങ്ങി. ജനത കര്‍ഫ്യുവിനെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന
രംഗത്തെത്തിയിരുന്നു.

click me!