
കാസർകോട്: കാസർകോട് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. അഫ്രീദിനേയും മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യും. ജസീലയുടെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. ആദ്യഘട്ടത്തിൽ ജസീലയുടെ വീട്ടിലെ അംഗങ്ങളിൽ നിന്നും മൊഴിയെടുത്തിരുന്നു. അടുത്ത ദിവസം തന്നെ സുഹൃത്തിനേയും കുടുംബത്തേയും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. സംഭവം വിവാദമായതോടെ പരമാവധി പേരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അഫ്രീദിന്റെ വീട്ടിൽ നിന്ന് ഒൻപതര പവൻ സ്വർണം മോഷണം പോയിരുന്നു. ഇതിനെ തുടർന്ന് അഫ്രീദിന്റെ ഉമ്മ ജസീലയുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പോയി ബഹളം വെച്ചിരുന്നു. ഇതിൽ മനംനൊന്താണ് ജസീല ജീവനൊടുക്കിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് 24 കാരി ജീവനൊടുക്കിയത്. നിരപരാധിയാണെന്ന് കരഞ്ഞ് പറയുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല ജീവനൊടുക്കിയത്. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല ആത്മഹത്യ ചെയ്യുകയായിരുന്നു.
പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചിച്ചെങ്കിലും പൊലീസ് അത് സ്വീകരിച്ചില്ലെന്നും ജസീലയുടെ വീഡിയോയിൽ പറയുന്നു. വളരെ ദുഃഖകരമായ അവസ്ഥയിലൂടെയാണ് ജസീലയുടെ കുടുംബം കടന്നുപോകുന്നത്. ജസീലയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഒൻപതര പവൻ നഷ്ടപ്പെട്ടു എന്ന പരാതി വരുന്നത്. ആദൂർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് ജസീലയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ജസീലയുടെ പങ്ക് തെളിയിക്കാനായില്ല.
സംഭവത്തിൽ എഫ്ഐആർ തയ്യാറാക്കിയില്ലെന്ന് ആദൂർ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിളിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. സുഹൃത്ത് വിളിച്ചതിനെ തുടർന്നാണ് ജസീല അവരുടെ വീട്ടിൽ പോയതെന്ന് ഉമ്മ പറയുന്നു. അവരുടെ വീട്ടിൽ നിന്ന് സ്വർണം കാണാതായതിനെ തുടർന്ന് ജസീലയാണ് എടുത്തതെന്ന് ആരോപിച്ച് വീട്ടിലെത്തി ബഹളം വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഉമ്മ പറയുന്നു. ആറും നാലും വയസുളള രണ്ട് കുട്ടികളുണ്ട്.
താനല്ല ഇത് ചെയ്തതെന്ന് ഖുറാനിൽ തൊട്ട് ജസീല സത്യം ചെയ്തിരുന്നു. എന്നിട്ടും അവരൊന്നും വിശ്വസിച്ചില്ല. ഭർത്താവിന്റെ കുടുംബവും വലിയ രീതിയിൽ ജസീലക്കെതിരെ ആക്ഷേപമുന്നയിച്ചു. ഈ സംഭവങ്ങളെ തുടർന്ന് വലിയ മാനസിക വിഷമത്തിലായ ജസീല കഴിഞ്ഞ ഞായറാഴ്ചയാണ് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. എസ് പിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് കുടുംബം പറയുന്നു. സ്വർണം കാണാതായതിലും അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam