തിരുവല്ലയില്‍ ബധിരവിദ്യാലയത്തില്‍ മഞ്ഞപ്പിത്തബാധ: ഉറവിടം അന്വേഷിച്ച് ആരോഗ്യവകുപ്പ്

By Web TeamFirst Published Dec 30, 2019, 5:22 PM IST
Highlights

വിദ്യാർത്ഥികളും ഹോസ്റ്റൽ വാർഡനും ഉൾപ്പെടെ 38 പേരാണ് മഞ്ഞപ്പിത്തം പിടിപെട്ട് ചികിത്സ തേടിയത്.ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.
 

തിരുവല്ല: തിരുവല്ല  സിഎസ്ഐ ബധിരവിദ്യാലയത്തിൽ മഞ്ഞപ്പിത്തബാധ.വിദ്യാർത്ഥികളും ഹോസ്റ്റൽ വാർഡനും ഉൾപ്പെടെ 38 പേരാണ് മഞ്ഞപ്പിത്തം പിടിപെട്ട് ചികിത്സ തേടിയത്.ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.

തിരുവല്ല തുകലശ്ശേരിയിൽ പ്രവർത്തിക്കുന്ന ബധിര വിദ്യാലയത്തിലെ 37 കുട്ടികൾക്കും ഹോസ്റ്റൽ വാർഡനുമാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. ക്രിസ്മസ് അവധിക്ക് സ്കൂൾ അടച്ചതിനു ശേഷമാണ് മൂന്ന് കുട്ടികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടതായി  അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ 34 കുട്ടികൾക്കും ഹോസ്റ്റൽ വാർഡനും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതിൽ ഹോസ്റ്റൽ അന്തേവാസികളായ കുട്ടികളും അല്ലാത്തവരും ഉൾപ്പെട്ടിട്ടുണ്ട്. മൂന്നാം ക്ലാസ് മുതൽ ഹയർസെക്കണ്ടറി വരെ പഠിക്കുന്ന കുട്ടികൾക്കാണ് രോഗം ബാധിച്ചത്.ഇതേത്തുടർന്ന് സ്കൂളിലേക്ക് വെള്ളമെടുക്കുന്ന കിണറിലെ വെള്ളം പരിശോധനയ്ക്കയച്ചു. ഇതിൽ കോളീഫോം ബ്ക്ടീരിയയുടെ അളവ് നിയന്ത്രണ വിധേയമായ അളവിൽ മാത്രമാണ്.സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികൾ പിന്നീട് സ്വമേധയാ ചികിത്സ തേടുകയായിരുന്നു.

മഞ്ഞപ്പിത്തം പിടിപെട്ട കുട്ടികൾ എല്ലാം തന്നെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും ,സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയ മേളയിലും പങ്കെടുത്തവരാണ്. അതിനാൽ ആ സ്ഥലങ്ങളിൽ നിന്നാണോ രോഗം പിടിപെട്ടതെന്നും അന്വേഷിക്കും. ഇത്രയധികം കുട്ടികൾക്ക് രോഗം പടർന്നതിനാൽ മുൻകരുതൽ നടപടിയെന്ന നിലയിൽ സ്കൂളും ഹോസ്റ്റലും ഒരാഴ്ച്ചത്തേക്ക് അടച്ചിടും.

click me!