
തിരുവനന്തപുരം: ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ'ന്‍റെ ആദ്യ ഉപകേന്ദ്രം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 11 ന് വഴുതക്കാട് വിമൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അധ്യക്ഷനാകും. ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ അന്വേഷണ സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്തുടനീളം 300 ഉപകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള വിപുലമായ പദ്ധതിയുടെ തുടക്കമാണിത്.
വിദ്യാർഥി ക്ഷേമം ഉറപ്പാക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളുടെ അഭിലാഷങ്ങൾ മനസ്സിലാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പുകളായ മൂന്ന് പദ്ധതികൾക്കും ഉന്നത വിദ്യാഭ്യാസ കൗൺസിൽ അന്ന് തുടക്കം കുറിക്കും. കോളജ് കാമ്പസുകളിലെ റാഗിങ് തടയുന്നതിനും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രഖ്യാപിച്ച മൊബൈൽ ആപ്ലിക്കേഷനായ ‘സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ’ ആപ്പിന്റെ അവതരണം ചടങ്ങിൽ നടക്കും.
പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി മരണപ്പെട്ട ജെ എസ് സിദ്ധാർത്ഥന്റെ സ്മരണാർത്ഥമാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്. 'സ്റ്റുഡന്റ് ആസ്പിറേഷൻ സർവേ'യും പുറത്തിറക്കും. സി-ഡിറ്റുമായി സഹകരിച്ച് തയ്യാറാക്കിയ ശാസ്ത്രീയ മനോഭാവത്തെക്കുറിച്ചുള്ള ഓൺലൈൻ കോഴ്‌സിന്റെ ഉദ്ഘാടനവും നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam