
കോഴിക്കോട്: വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല ഞാനെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർത്ഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് സർക്കാരിൻ്റെയും സർവകലാശാലയുടെയും നിലപാട്. വിദ്യാർഥികൾ മാപ്പപേക്ഷ എഴുതി കൊടുത്ത് തെറ്റ് ഉൾക്കൊണ്ടാൽ പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്ന് തന്നെയാണ് സർക്കാരിൻ്റെയും സർവകലാശാലയുടെയും നിലപാട്. ഇനിയും അതിന് സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
സിൻഡിക്കേറ്റ് അവരുടെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. സർവകലാശാലയുടെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ സമരങ്ങൾ പാടില്ല. കാലടി എൻ്റെ മണ്ഡലത്തിലാണ്. അവിടെ നടക്കുന്ന കാര്യങ്ങൾ കൃത്യമായ ബോധ്യമുള്ള ആളാണ് ഞാൻ. അവിടെ നടക്കുന്ന കാര്യങ്ങൾ ഇനിയും പുറത്തുവരാൻ പോകുന്നതേ ഉള്ളു. സിൻഡിക്കേറ്റ് പുനസംഘടിപ്പിച്ച് ആദ്യ യോഗം നടക്കുന്ന ദിവസം തന്നെ പ്രതിഷേധിച്ചവരാണിവർ. അക്രമത്തിലൂടെയും ഭീഷണിയിലൂടെയും അരാജകത്വത്തിലൂടെയാണോ സമരം ചെയ്യേണ്ടതെന്നും മന്ത്രി ചോദിച്ചു.
കേരളത്തിലെ ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങൾ പോലെ ആക്കിയാണ് പ്രവർത്തനം. കരിഓയിൽ സമരം ഞാൻ എൻഎസ്‍യു പ്രസിഡൻ്റായിരിക്കുന്ന സമയത്ത് നടന്നതല്ല. അന്ന് ആ സമരത്തെ ഞങ്ങൾ തള്ളിപ്പറഞ്ഞിരുന്നു. ഒരു സംഘടനയിൽ പ്രവർത്തിക്കുമ്പോൾ പല തെറ്റുകളും സംഭവിക്കാം. പക്ഷേ അത് തിരുത്തേണ്ടത് സംഘടനയാണ്. ശവസംസ്കാരം നടത്തിയത് സംസ്കാരത്തിൻ്റെ പ്രശ്നമാണ്, നിയമ പ്രശ്നമല്ല. ജീവിച്ചിരിക്കുന്നൊരാളുടെ സംസ്കാരം നടത്തുന്നത് സംസ്കാരത്തിൻ്റെയൊച്ചെ ഭാഗമാണ്. നാടകം മാത്രമല്ല, അവിടെ നടന്നത് വലിയ അക്രമമാണെന്നും മന്ത്രി പറഞ്ഞു.
അതിൻ്റെ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇപ്പോൾ അവിടെ നടക്കുന്നതും വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളും എനിക്കറിയാം. ഡിഗ്രി പാസാവാത്ത എസ്എഫ്ഐ നേതാവിന് കഴിഞ്ഞ സിൻഡിക്കേറ്റ് ചേർന്ന് പിജിക്ക് അഡ്മിഷൻ കൊടുത്തിരുന്നു. എത്രയൊക്കെ സമരം നടന്നാലും അവിടെ പലതരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ട്. അത് പുറത്തുകൊണ്ടു വരും. സസ്പെൻഷൻ കാലയളവിലും ചില വിദ്യാർഥികൾ ക്യാംപസിൽ കയറി വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മഹാരാജാസിൽ പ്രതിഷേധിച്ച വിദ്യാർഥികളിൽ എത്രപേർ ആ ക്യാംപസിലെ വിദ്യാർത്ഥികളുണ്ട്. ക്യാംപസുമായി ബന്ധമില്ലാത്ത എസ്എഫ്ഐ നേതാക്കളടക്കമാണ് അവിടെ വന്നത്. ചോദ്യങ്ങൾ ചോദിക്കുന്നതിൽ പ്രശ്നമില്ല. പക്ഷേ ഇത്തരം പ്രവണതകൾ അംഗീകരിക്കില്ല. സംഘ്പരിവാർ രാഷ്ട്രീയവുമായി ഒരുതരത്തിലും സന്ധിയില്ല. വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നാണ് ആഗ്രഹം. വിദ്യാർഥികൾ തെറ്റ് അംഗീകരിച്ച് തിരിച്ചുവന്നാൽ അവരെ പൂർണമായും അംഗീകരിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam