
തിരുവനന്തപുരം : കെ വി തോമസിന്റെ മകന്റെ പോസ്റ്റിന് ജെബി മേത്തറിന്റെ മറുപടി. തനിക്ക് ഇത്രയും സ്ഥാനം താങ്ങാൻ ആവുമോ എന്ന് പാർട്ടി തീരുമാനിക്കും. ആർക്കും ലഭിക്കാത്ത ഭാഗ്യം തനിക്കു ലഭിച്ചു. അതിൽ അസഹിഷ്ണുത വേണ്ടെന്നും ജെബി മേത്തർ മറുപടി നൽകി. ദിലീപിനൊപ്പമുള്ള സെൽഫിയെ കുറിച്ചും ജെബി മേത്തർ വിശദീകരിച്ചു. നഗരസഭയുമായി ബന്ധപ്പെട്ട പരിപാടിക്ക് ദിലീപ് എത്തിയതായിരുന്നു. സെൽഫി എടുത്തത് സാധാരണ നടപടിയാണ്. അതിൽ ദുഃഖമില്ല. കോടതിയിൽ ഇരിക്കുന്ന വിഷയമാണ്. രാഷ്ട്രീയ രംഗത്തുള്ളവരും പല കേസുകളിലും പ്രതികൾ ആകാറുണ്ട്, അവർക്കൊപ്പം വേദി പങ്കിടാറുണ്ടെന്നും ജെബി മേത്തർ പറഞ്ഞു. പി ടി തോമസിനൊപ്പം നടിക്ക് വേണ്ടി പൊതു പരിപാടിയിൽ പങ്കെടുത്ത ആളാണ് താൻ. അതിഥികളെ തീരുമാനിക്കുന്നത് താൻ അല്ലെന്നും ജെബി വിശദീകരിച്ചു.
കോണ്‍ഗ്രസിന്‍റെ രാജ്യ സഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുൻ മന്ത്രിയായ കെവി തോമസിന്‍റെ മകന്‍ ബിജു തോമസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. നേതൃ ദാരിദ്ര്യമുള്ളത് എന്ന തലക്കെട്ടോടെയായിരുന്നു ബിജു തോമസിന്റെ വിമർശനങ്ങൾ. രാജ്യസഭ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ജെബി മേത്തർ ഉൾപ്പെടെയുള്ളവർ നിലവിൽ നിരവധി സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. ഇതിനൊക്കെ കാരണം ഈ സ്ഥാനങ്ങൾക്ക് അർഹരായ മറ്റ് നേതാക്കൾ ഇല്ലാത്തതാണെന്നും ബിജു തോമസ് പറയുന്നു.
കെവി തോമസ് രാജ്യസഭാ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം ശക്തമായപ്പോൾ പിതാവിന്റെ ഫേസ്ബുക്കിൽ തെറിവിളികളുടെ പൊങ്കാലയായിരുന്നെന്നും ബിജു പറഞ്ഞു. ആ സമയത്ത്, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കൊല്ലിനെ രക്ഷിക്കണമെന്ന് ഒരു വനിതാ പ്രവർത്തക പറഞ്ഞത് തന്നെ ഏറെ വിഷമിപ്പിച്ചെന്നും ബിജു പറഞ്ഞു.
ബിജു തോമസിൻറെ പോസ്റ്റിൻറെ പൂർണരൂപം
''നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ്സ്. കുറച്ച് നാളായി കോണ്‍ഗ്രസ്സ്, ഉറച്ച സംസ്ഥാനങ്ങള്‍ വരെ കഷ്ടപ്പെട്ടു തോല്‍ക്കുകയാണ്. ഏറ്റവും അടുത്ത് പഞ്ചാബില്‍ വാങ്ങിയെടുത്ത തോല്‍വിയാണ്. ആറ് മാസം മുമ്പ് വരെ ഉറച്ച വിജയത്തില്‍ നിന്നാണ് തോല്‍വി നേടിയെടുത്തത്, അത് തന്നെ കേരളത്തിലും നടത്താന്‍ കഴിഞ്ഞു. ഒട്ട് മിക്ക മാധ്യമങ്ങളും ഇത് നേതൃ ദരിദ്രമായി ചിത്രീകരിക്കുമ്പോള്‍, വിശ്വാസം വന്നില്ല. പക്ഷെ ഇന്നത്തെ കോണ്‍ഗ്രസ്സ് നേതൃത്വം നോക്കുമ്പോള്‍ അത് സത്യമാണോ എന്ന് സംശയം.''
''ഉദാഹരണത്തിന് ഇന്നത്തെ രാജ്യ സഭാ സ്ഥാനാര്‍ത്ഥി. ജെബി മേത്തര്‍, സംസ്ഥാന കോണ്‍ഗ്രസ്സ് വനിതാ കമ്മറ്റി പ്രസിഡനഡ് ആയിട്ട് മൂന്ന് മാസമായിട്ടില്ല, അതിന് മുമ്പ് അവര്‍ ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍നായിട്ട് ഒരു വര്‍ഷം കഷ്ടിയായി, അപ്പോഴേക്കും ദേ രാജ്യസഭാ സ്ഥാനാര്‍ത്ഥി. പ്രായം നാല്‍പത്തിനാല്. എനിക്ക് ജെബിയെ അറിയാം, നല്ലോരു പ്രവര്‍ത്തകയാണ്, പക്ഷെ ഇത്രയതികം സ്ഥാനങ്ങള്‍ ഒരാളെ കൊണ്ട് താങ്ങാനാവുമോ. പക്ഷെ അദ്ഭുതമില്ല, കാരണം കേരളത്തിന്റെ നേതൃത്വം നോക്കുക. സംസ്ഥാന പ്രസിഡന്റ് എംപിയാണ്, വര്‍ക്കിംഗ് പ്രസിഡന്റുമാരും, എംപിയോ, എംഎല്‍എയോ ആണ്.
ഇതിനൊക്കെ കാരണം കോണ്‍ഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹമായ നേതാക്കളില്ല, അത് കാരണം ഒരേയാള് തന്നെ പല സ്ഥാനങ്ങളും വഹിക്കണം. അവരുടെ അത്യാഗ്രഹമല്ല.''''ഈക്കഴിഞ്ഞ ഒരു മാസമായി എന്റെ അപ്പന്റെ ഫേസ് ബുക്ക് പേജില്‍ തെറിയുടെ പൊങ്കാലയായിരുന്നു. കാരണം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാനുള്ള താല്പര്യം നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി മറ്റൊരു സ്ഥാനവും വഹിക്കുന്നില്ല, നല്ലോരു ഭരണാധികാരിയും, പാര്‍ട്ടിയുടെ താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകനാണ്.
സത്യസന്ധമായി കാര്യങ്ങള്‍ അറിയിച്ചു, അതിന് വേണ്ടി പ്രവര്‍ത്തിച്ചു, അല്ലാതെ ഒരു ദിവസം ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതല്ല.'' ''അന്ന് കണ്ട ഏറ്റവും വിഷമിപ്പിച്ച പോസ്റ്റ് ഒരു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെയായിരുന്നു. അവര്‍ ഞങ്ങള്‍ മക്കളോട് തന്ന ഉപദേശം, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍നായിരുന്നു. അങ്ങെനെയാണങ്കില്‍ ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് പറയുമോ, കാരണം സോണിയാ ഗാന്ധിക്ക് എന്റെ അപ്പന്റെ പ്രായമാണ്, കെ സുധാകരനും അതേ പ്രായമാണ്, ഉമ്മന്‍ ചാണ്ടിക്ക് അതിലും കൂടുതലാണ്. പ്രായമായാല്‍ കൊല്ലുന്നതാണോ യുവാക്കളുടെ സംസ്‌ക്കാരം. സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാതെ വെറുതെ വീട്ടിലിരിക്കണോ.''
ബിജു തോമസിന്റെ ഈ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പിതാവ് കെവി തോമസ് രംഗത്തെത്തി. മകന്‍ പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ളവരാണ് വീട്ടിലുള്ളതെന്നും കെവി തോമസ് പറഞ്ഞു.
കെവി തോമസിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
''ഇതന്റെ മകൻ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്. അവൻ പറഞ്ഞിരിക്കുന്നത് സ്വന്തം അഭിപ്രായമാണ്, എന്റെയല്ല. എന്റെ വീട്ടിൽ ഞങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ളവരാണ്, അത് ഞാൻ ബഹുമാനിക്കുന്നു. പക്ഷെ ഞാൻ എന്നും വിധേയനായത് പ്രവർത്തകനായിരിക്കും. എന്റെ മൂന്ന് മക്കളും രാഷ്ട്രീയത്തിലില്ല, അവർ സ്വന്തം നിലയിൽ വ്യത്യസ്ത മേഖലയിൽ പ്രവർത്തിക്കുന്നു. ബിജു ദുബായിൽ ബാങ്ക് ഡയറക്‌ടാണ്, രേഖ സ്വന്തമായി ബിസിനസ്സ് ചെയ്യുന്നു, ഇളയ മകൻ ജോ ഡോക്ടറാണ്.''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam