'ചിലപ്പോ പോയി അവതരിപ്പിക്കും, ചിലപ്പോ ഫോണില്‍ പറയും'; പിഎംഎ സലാമിന് മറുപടിയുമായി ജിഫ്രി തങ്ങള്‍

Published : Oct 06, 2023, 10:47 PM IST
'ചിലപ്പോ പോയി അവതരിപ്പിക്കും, ചിലപ്പോ ഫോണില്‍ പറയും'; പിഎംഎ സലാമിന് മറുപടിയുമായി ജിഫ്രി തങ്ങള്‍

Synopsis

പിഎംഎ സലാമിന്‍റെ പരാമര്‍ശത്തിനെതിരെ സമസ്തയുടെ പോഷക സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചിരിക്കെയാണ് ഇക്കാര്യത്തില്‍ മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയത്

കൊച്ചി: മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാമിന് മറുപടിയുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സര്‍ക്കാരുകളോട് ബന്ധപ്പെടുന്നത് സമസ്തയുടെ ഭരണഘടനയിലുള്ളതാണെന്നും അതിനെ വിമര്‍ശിച്ചിട്ട് കാര്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞ ദിവസം മലപ്പുറത്ത് തട്ടം വിഷയത്തിൽ നടത്തിയ പരാമ‍ർശമാണ് ഏറെ വിവാദമായത്.

വഖഫ് പ്രക്ഷോഭത്തിൽ സമസ്ത പുറകോട്ട് പോയതിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു സലാമിന്‍റ വാക്കുകൾ. മുഖ്യമന്ത്രിയുടെ ഫോണ്‍ കാള്‍ കിട്ടിയാല്‍ എല്ലാമായി എന്ന് വിചാരിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ടെന്നും ഇത്തരമൊരു നയവുമായി നടന്ന പാര്‍ട്ടിയോടുള്ള സമീപനം അവര്‍ വ്യക്തമാക്കണമെന്നുമായിരുന്നു പിഎംഎ സലാമിന്‍റെ വിമര്‍ശനം. പരാമര്‍ശത്തിനെതിരെ സമസ്തയുടെ പോഷക സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചിരിക്കെയാണ് ഇക്കാര്യത്തില്‍ മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയത്. സമസ്ത എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  സംഗമത്തിൽ ആണ് മുത്തുക്കോയ തങ്ങളുടെ മറുപടി.

'സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ നമ്മുടെ ആവശ്യങ്ങള്‍ പറയുകയും അവരുമായി സൗഹാര്‍ദത്തിലായി പോകണമെന്നുമാണ് സമസ്തയുടെ ഭരണഘടനയില്‍ തന്നെ പറയുന്നത്. അതിപ്പോ ഇന്ത്യ രാജ്യമാകട്ടെ, കേരളമാകട്ടെ, ഇവിടെ ഭരിക്കുന്ന സര്‍ക്കാരുമായി നല്ല ബന്ധമായിരിക്കും സമസ്തക്കുള്ളത്. ആ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ നമുക്കാവശ്യമുള്ള കാര്യങ്ങള്‍ അവരുടെ മുന്നില്‍ അവതരിപ്പിക്കും. അത് ചിലപ്പോ പോയി അവതരിപ്പിക്കും. ചിലപ്പോ ഫോണിലൂടെ അവതരിപ്പിക്കും. അങ്ങനെ പറയുമ്പോള്‍ അതിനെ ആക്ഷേപിച്ചിട്ട് കാര്യമില്ല'-ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.


ഇതിനിടെ, ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ മതപണ്ഡിതരെ തുടർച്ചയായി അവഹേളിക്കുന്നത് തടയണമെന്നും പിഎംഎ സലാമിനെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതൃത്വത്തിന് സമസ്തയുടെ 21 പോഷക സംഘടനാ നേതാക്കള്‍ ഒപ്പിട്ട കത്ത് അയച്ചു. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പിഎംഎ സലാമിനെതിരെ വ്യാപകമായ എതിർപ്പ് പ്രചരിക്കുന്നതിനിടെയാണ് സമസ്തയുടെ പോഷക സംഘടനാ നേതാക്കൾ ഒപ്പിട്ട കത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും പി കെ കുഞ്ഞാലിക്കുട്ടിക്കുമയച്ചത്.

സമീപകാലത്ത് ലീഗ് ഉന്നത നേതാക്കൾ മതപണ്ഡിതരെ അവഹേളിക്കുന്നത് സ്ഥിരമാക്കിയെന്നും ഇത് തടയണമെന്നും കത്തിലുണ്ട്. ലീഗ് സംസ്ഥാന വൈസ പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി കഴിഞ്ഞ ദിവസം ധർമ്മടത്ത് നടത്തിയ പ്രസംഗത്തിൽ സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിനെതിരെ നടത്തിയ പരാമർശവും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ലീഗ് നേതൃത്വം ഇടപെട്ട് അടിയന്തിര പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് സമസ്ത പോഷക സംഘടനാനേതാക്കളുടെ തീരുമാനം. വഖഫ് പ്രശ്നത്തിൽ തുടങ്ങിയ ലീഗ് - സമസ്ത ഭിന്നത, ലോക് സഭ തെരഞ്ഞെടുപ്പ് അടുക്കുന്തോറും ലീഗ് കൂടുതൽ പ്രതിസന്ധിയാവുകയാണ്.

ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ പരാമര്‍ശം; പി എം എ സലാമിനെതിരെ നടപടിയാവശ്യപ്പെട്ട് സമസ്ത

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം