
കോട്ടയം: സോളാർ കേസിൽ തെറ്റ് ചെയ്തില്ലെന്ന് അറിഞ്ഞിട്ടും കോൺഗ്രസ്സിലെ ചിലർ തള്ളിപ്പറഞ്ഞെന്ന് ഉമ്മൻചാണ്ടിയുടെ പേഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന ജിക്കുമോൻ ജേക്കബ്. പ്രതിപക്ഷസമരം സ്വാഭാവികമെങ്കിലും വിവാദം കൂടുതൽ ശക്തമാകട്ടെയെന്ന് ഒപ്പമുണ്ടായിരുന്നവർ കരുതിയെന്നും ജിക്കു പറഞ്ഞു. ജോപ്പന് പിന്നാലെ ജിക്കുമോനും സോളാർ കേസിൽ ഇതാദ്യമായാണ് ഒരു മാധ്യമത്തോട് സംസാരിക്കുന്നത്.
കത്തിത്തീർന്നോ സോളാർ.. പരമ്പര തുടരുന്നു.
ജോപ്പനെ പോലെ തന്നെ ഉമ്മൻചാണ്ടിയുടെ വലംകയ്യായിരുന്നു പുതുപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകൻ ജിക്കുമോൻ ജേക്കബ്. ജോപ്പൻ കുടുങ്ങിയത് പോലെ ജിക്കുവും സോളാറിൽ പെട്ടത് സരിതയുടെ ഫോൺപട്ടിക വഴിയാണ്. ജോപ്പന് പിന്നാലെ ജിക്കുവും സരിതയുമായി സംസാരിച്ചെന്ന വിവരത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രതിരോധത്തിലായി. വിവാദം കത്തിപ്പടരുന്നതിനിടെ 2013 ജൂൺ 26 ന് ജിക്കുമോൻ പേഴ്സനൽ സ്റ്റാഫ് അംഗത്വം രാജിവെച്ചു. ജോപ്പനെ പോലെ പിന്നീടാരും ജിക്കുമോനെ കുറിച്ചും കേട്ടില്ല.
പുതുപ്പള്ളിയിൽ ഒരു സുഹൃത്തിനൊപ്പം ചെരിപ്പ് കട നടത്തുകയാണ് ജിക്കു. സോളാറിലെ ഒരു കേസിലും പ്രതിയായില്ലെങ്കിലും വിവാദങ്ങൾ ജിക്കുമോനെ വല്ലാതെ ഉലച്ചു. ഏറ്റവും വലിയ പ്രശ്നം താൻ കാരണം തന്‍റെ നേതാവും പഴി കേട്ടതിലാണ്. വിവാദം സ്വന്തം ചേരി കൈകാര്യം ചെയ്ത രീതിയിൽ ജിക്കുവിനുള്ളത് വലിയ എതിർപ്പാണ്.
സരിതയുടെ പശ്ചാത്തലം അറിയാതെ പോയത് കാരണമാണ് താനും ജോപ്പനുമൊക്കെ വിവാദത്തിൽപ്പെടാന്‍ കാരണം. ഉമ്മൻചാണ്ടിയുമായി ഇപ്പോഴും ഉള്ളത് നല്ല ബന്ധം. പക്ഷെ പാർട്ടിയിൽ സജീവമല്ല. സോളാർ കാലത്ത് കോൺഗ്രസ്സിലും ഉണ്ടായിരുന്ന ഉൾപ്പോരിലേക്ക് വിരൽ ചൂണ്ടുന്നത് കൂടിയാണ് ജിക്കുവിന്‍റെ വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam