വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മന്ത്രി വീണ ജോർജ്. സർക്കാർ ആശുപത്രികളിലാകെ ചികിത്സാ പിഴവാണെന്നും ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. വിളപ്പിൽ ശാലയിൽ മാത്രമല്ല സർക്കാർ ആശുപത്രികളിലാകെ ചികിത്സാ പിഴവാണെന്നും ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. യുഡിഎഫ് കാലത്ത് ആരോഗ്യ മന്ത്രിയുടെ ആസ്തി കൂടിയതല്ലാതെ മറ്റൊന്നും നടന്നില്ലല്ലോ എന്നായിരുന്നു വീണ ജോർജിന്റെ മറുപടി. അതേസമയം, അടിയന്തിര പ്രമേയ ചർച്ച ടെസ്റ്റ് ക്രിക്കറ്റ് മാച്ചിനേക്കാൾ വിരസമെന്ന് സ്പീക്കർ വിമർശിച്ചു.
വിളപ്പിൽശാലയിലെ ചികിത്സാ പിഴവ്, പൊതുജനാരോഗ്യ മേഖലയിൽ നിന്ന് ഹർഷിനക്കുണ്ടായ ദുരനുഭവം, പാലക്കാട് കൈ മുറിച്ച് മാറ്റേണ്ടി വന്ന ഒമ്പത് വയസ്സുള്ള കുട്ടി, എസ്എടി ആശുപത്രിയിലെ അണുബാധ, സിസേറിയനിടെ വയറ്റിൽ തുണിവച്ച് തുന്നിക്കെട്ടി വിട്ട മാനന്തവാടിയിലെ യുവതി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ മരിച്ച വേണു മുതൽ ഡോ ഹാരിസിൻറെ തുറന്നു പറച്ചിൽ വരെ എല്ലാം പ്രതിപക്ഷം സഭയിൽ പറഞ്ഞു. നിയമസഭാ സമ്മേളനകാലത്ത് പതിനെട്ടാമത്തെ അടിയന്തര പ്രമേയമാണ് ഇന്ന് ചർച്ചക്ക് എടുത്തത്. ചർച്ച നടന്ന രീതിയിൽ സ്പീക്കർ വിമർശനം ഉന്നയിച്ചു. അതേസമയം, ആരോഗ്യമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
