പിഎസ്‍സി കായികക്ഷമത പരിശോധനയ്ക്കിടെ കയറിൽ നിന്ന് താഴേക്ക് വീണു; ഉദ്യോഗാർത്ഥിക്ക് പരിക്ക്

Published : Sep 15, 2022, 03:44 PM ISTUpdated : Sep 15, 2022, 06:26 PM IST
പിഎസ്‍സി കായികക്ഷമത പരിശോധനയ്ക്കിടെ കയറിൽ നിന്ന് താഴേക്ക് വീണു; ഉദ്യോഗാർത്ഥിക്ക് പരിക്ക്

Synopsis

സുരക്ഷാ മാനദണ്ഡങ്ങളില്ലാത്തത് ചോദ്യം ചെയ്ത  ഫിസിക്കൽ ട്രെയ്നർമാരോട് ഉദ്യോഗസ്ഥർ കയർത്തെന്നും പരാതിയുണ്ട്. ടെസ്റ്റിനിടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

തിരുവനന്തപുരം: പിഎസ്‍സി കായികക്ഷമത പരിശോധനയ്ക്കിടെ കയറിൽ നിന്ന് വീണ് ഉദ്യോഗാർത്ഥിക്ക് പരിക്ക്. കൊല്ലത്ത് നടന്ന ഫയർമാൻ ഡ്രൈവർ ഫിസിക്കൽ ടെസ്റ്റിനിടെയാണ് ഉദ്യോഗാർത്ഥിക്ക് തലയ്ക്കും നടുവിനും പരിക്കേറ്റത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കായിക ക്ഷമതാ പരിശോധന പിഎസ്‍സി നടത്തിയത് എന്നാണ് ആക്ഷേപം.

കൊല്ലം ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന  കായിക ക്ഷമത പരിശോധനയ്ക്കിടെയാണ് അപകടം ഉണ്ടായത്. റോപ്പ് ക്ലൈമ്പിംഗിനിടെയാണ് തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗാർത്ഥി കയറിൽ നിന്ന് ഊർന്ന് വീണത്. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും നടുവിനും പരിക്കേറ്റു. യാതൊരു സുരക്ഷാ മാനദണ്ഡലും പാലിക്കാതെയാണ് ടെസ്റ്റ് നടത്തിയതെന്ന് ആരോപണമുയര്‍ന്നു. ഇന്‍റർലോക്ക് ചെയ്ത തറയിൽ നിലത്ത് വീണാൽ പരിക്കേൽക്കാതെയിരിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നില്ല.

കൈബലം പരിശോധിക്കാനുള്ള ചിന്നിംഗിനും വേണ്ട സുരക്ഷ ഉണ്ടായിരുന്നില്ലെന്നും ലോങ് ജമ്പിനായി ഒരുക്കിയ ട്രാക്ക് തകർന്നതായിരുന്നുവെനും ആരോപണമുണ്ട്.  പരിക്കേറ്റ ഉദ്യോഗാർഥിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുരക്ഷാ മാനദണ്ഡങ്ങളില്ലാത്തത് ചോദ്യം ചെയ്ത  ഫിസിക്കൽ ട്രെയ്നർമാരോട് ഉദ്യോഗസ്ഥർ കയർത്തെന്നും പരാതിയുണ്ട്. ടെസ്റ്റിനിടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ജോലിയെ ബാധിക്കുമെന്നതിനാൽ മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കുന്നതിൽ പരിമിതിയുണ്ടെന്നാണ് ഉദ്യോഗാർത്ഥി പറയുന്നത്. എന്നാൽ കൃത്യമായ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കായിക ക്ഷമതാ പരിശോധയ്ക്ക് ഒരുക്കാറുണ്ടെന്നാണ് പിഎസ്‍സിയുടെ പ്രതികരണം. കൊല്ലത്തെ സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്നും പിഎസ് സി അറിയിച്ചു.

PREV
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ