മക്ക, മദീന വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റിക്രൂട്ടിംഗ് ഏജന്‍സിക്കെതിരെ കേസ്

By Web TeamFirst Published Apr 18, 2022, 11:39 PM IST
Highlights

മക്ക, മദീന വിമാനത്താവളങ്ങളില്‍ താല്‍കില ജോലി വാഗ്ദാന ചെയ്ത് വാട്സാപ്പിലൂടെ പ്രചരണം നടത്തിയായിരുന്നു തട്ടിപ്പ്. മൂന്ന് മാസം നീളുന്ന ഹജ്ജ് കാലത്ത് ജോലിക്കായി യുവാക്കളെ വേണമെന്നായിരുന്നു പ്രചരണം. 

കൊച്ചി: മക്ക, മദീന വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പനമ്പള്ളി നഗറിലെ റിക്രൂട്ടിംഗ് ഏജന്‍സിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്ഥാപന നടത്തിപ്പുകാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. റിക്രൂട്ട്മെന്‍റ് നടത്താൻ ആവശ്യമായ രേഖകള്‍ ഇല്ലെന്ന് കണ്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

മക്ക, മദീന വിമാനത്താവളങ്ങളില്‍ താല്‍കില ജോലി വാഗ്ദാന ചെയ്ത് വാട്സാപ്പിലൂടെ പ്രചരണം നടത്തിയായിരുന്നു തട്ടിപ്പ്. മൂന്ന് മാസം നീളുന്ന ഹജ്ജ് കാലത്ത് ജോലിക്കായി യുവാക്കളെ വേണമെന്നായിരുന്നു പ്രചരണം. താല്‍പര്യമുള്ളവര്‍ ഇന്ന് രാവിലെ പനമ്പള്ളി നഗറിലെ റിക്രട്ടിംഗ് ഏജന്‍സിക്ക് മുന്നില്‍ ഹാജരാകണമെന്ന സന്ദേശം കണ്ട് 200 അധികം പേര്‍ ഓഫീസിന് മുന്നിലെത്തി. പത്തുമണി കഴിഞ്ഞിട്ടും റിക്രൂട്ട്മെന്‍റ് നടപടികള്‍ ആരംഭിക്കാതായതോടെ പൊലീസ് ഇടപെടുകയായിരുന്നു. സ്ഥാപനത്തിലെത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും മതിയായ രേഖകള്‍ കണ്ടെത്താനായില്ല. 

വിമാനത്താവളത്തില്‍ ഇത്രയധികം ജോലിയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍, വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാന്‍ റിക്രൂട്ടിംഗ് ഏജന്സിക്ക് അംഗീകാരമുണ്ടെന്ന് സ്ഥാപിക്കുന്ന രേഖകള്‍ എന്നിവ സമര്‍പ്പിക്കാന‍് സ്ഥാപന ഉടമകള്‍ക്ക് കഴിയാതെ വന്നതോടെ ഇരുവരെയും അറസ്റ്റ് ചെയ്തു. സ്ഥാപന ഉടമകളായ ഷംസുദീന്‍ അനു സാദത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് പേര്‍ക്കുമെതിരെ വഞ്ചന കുറ്റം വിവിധ ഐടി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവ ചുമത്തിയിട്ടുണ്ട്. സംഭവത്തെകുറിച്ച് എറണാകുളം സൗത്ത് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

click me!