
ദില്ലി: പി എം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എം പി. കേന്ദ്രമന്ത്രി പറഞ്ഞത് സത്യം തന്നെയെന്നും പലതവണ മന്ത്രിയെ കണ്ടിട്ടുണ്ടെന്നും മധ്യസ്ഥം വഹിച്ചത് കേരളത്തിന് വേണ്ടിയെന്നുമാണ് ബ്രിട്ടാസ് വ്യക്തമാക്കിയത്. കേരളത്തിന്‍റെ വിഷയം ഏറ്റെടുത്ത് കേന്ദ്ര മന്ത്രിയുടെ അടുത്ത് പോയി എന്ന് പറഞ്ഞതിൽ സന്തോഷമേയുള്ളു എന്നും ബ്രിട്ടാസ് വിവരിച്ചു. ഞാൻ പലതവണ മന്ത്രിയെ കണ്ടിട്ടുണ്ട്, മധ്യസ്ഥം വഹിച്ചു എന്ന് മന്ത്രി പറഞ്ഞത് സത്യമാണ്. പക്ഷേ പി എം ശ്രീ കരാർ ഒപ്പിടുന്നതിൽ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ യഥേഷ്ടം ഫണ്ട് വാങ്ങിയിട്ട് കേരളത്തെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കോൺഗ്രസിന്‍റെ നിലപാടാണ് പദ്ധതി അംഗീകരിക്കാൻ തയ്യാറാകാത്ത സംസ്ഥാനങ്ങളുടെ നില ദുർബലമാക്കുന്നത് എന്ന് മന്ത്രി പറഞ്ഞെന്നും ബ്രിട്ടാസ് വിവരിച്ചു. പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകില്ല എന്ന നിലപാട് മാറ്റില്ല എന്ന സൂചനയാണ് കേന്ദ്ര മന്ത്രിയിൽ നിന്നും ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. പി എം ശ്രീ പദ്ധതിയിലെ ഫണ്ട് കിട്ടാത്തത് കേരളത്തിന് നഷ്ടമാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
പി എം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്നാണ് ഇന്ന് രാജ്യസഭയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞത്. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമ്മേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ചേരില്ലെന്നായിരുന്നു കേരളം ആദ്യം മുതലേ സ്വീകരിച്ചിരുന്ന നിലപാട്. എൽ ഡി എഫ് സർക്കാരിന്‍റെ പ്രഖ്യാപിത നയമായിരുന്നു അത്. എന്നാൽ ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിന്‍റെ തുടക്കത്തിൽ ഘടകകക്ഷികൾ പോലും അറിയാതെ പി എം ശ്രീ പദ്ധതിയിൽ ചേരുന്നതായി കേരള സർക്കാർ അറിയിക്കുകയായിരുന്നു. എന്നാൽ സി പി ഐ അടക്കം ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കേന്ദ്രത്തെ കേരളം അറിയിക്കുകയായിരുന്നു. പി എം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു.