ബിജെപി-സിപിഎം അന്തർധാര യാഥാർത്ഥ്യമെന്ന് ജെബി മേത്തർ എംപി; 'ബ്രിട്ടാസിൻ്റെ വാദം മറിച്ചാണെങ്കിൽ മന്ത്രി വ്യക്തമാക്കട്ടെ'

Published : Dec 03, 2025, 02:24 PM IST
jebi mather, brittas

Synopsis

ജോൺ ബ്രിട്ടാസ് മധ്യസ്ഥത വഹിച്ചു എന്നാണ് മന്ത്രി പറഞ്ഞതെന്ന് ജെബി മേത്തർ. കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കിടയിലെ പാലമായി പ്രവർത്തിച്ചു. പിഎം ശ്രീയെ എതിർക്കുന്നു എന്നത് സിപിഎം കണ്ണിൽ പൊടിയിടാൻ പറയുന്നതാണെന്നും ജെബി മേത്തർ എംപി പറഞ്ഞു.

ദില്ലി: ബിജെപി-സിപിഎം അന്തർധാര യാഥാർത്ഥ്യമാണെന്നും ഇത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാണെന്നും ജെബി മേത്തർ എംപി. ജോൺ ബ്രിട്ടാസ് മധ്യസ്ഥത വഹിച്ചു എന്നാണ് മന്ത്രി പറഞ്ഞത്. ബ്രിട്ടാസ് കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കിടയിലെ പാലമായി പ്രവർത്തിച്ചു. പിഎം ശ്രീയെ എതിർക്കുന്നുവെന്നത് സിപിഎം കണ്ണിൽ പൊടിയിടാൻ പറയുന്നതാണെന്നും ജെബി മേത്തർ പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന് ധർമ്മേന്ദ്ര പ്രധാന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ജെബി മേത്തർ രം​ഗത്തെത്തിയത്. 

സിപിഐ ഇനി കാര്യങ്ങൾ വ്യക്തമാക്കട്ടെ. സിപിഎം അവരെ വഞ്ചിക്കുന്ന വല്യേട്ടൻ ആണ്. മന്ത്രിസഭ ഉപസമിതി ഇനിയും ചേർന്നിട്ടില്ല. അത്ര പ്രാധാന്യമേ ഉള്ളൂ. മന്ത്രിയുടെ വാക്കുകൾ ഓൺ റെക്കോർഡ് ആണ്. ബ്രിട്ടാസിൻ്റെ വാദം മറിച്ചാണെങ്കിൽ മന്ത്രി വ്യക്തമാക്കട്ടെയെന്നും ജെബി മേത്തർ പറഞ്ഞു. 

പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയാണെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. സർവ്വ സമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേരില്ലെന്നായിരുന്നു കേരളം ആദ്യം മുതലേ സ്വീകരിച്ചിരുന്ന നിലപാട്. എൽഡിഎഫ് സർക്കാരിന്‍റെ പ്രഖ്യാപിത നയമായിരുന്നു അത്. എന്നാൽ ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിന്‍റെ തുടക്കത്തിൽ ഘടകകക്ഷികൾ പോലും അറിയാതെ പിഎം ശ്രീ പദ്ധതിയിൽ ചേരുന്നതായി കേരള സർക്കാർ അറിയിക്കുകയായിരുന്നു. എന്നാൽ സിപിഐ അടക്കം ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കേന്ദ്രത്തെ കേരളം അറിയിക്കുകയായിരുന്നു. പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു.

മുഖ്യമന്ത്രി തന്നെ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയ ശേഷമാണ് കേരളം കത്തയച്ചത്. മന്ത്രിസഭാ യോഗത്തിൽ പോലും സിപിഐ മന്ത്രിമാർ ഉയർത്തിയ ശക്തമായ എതിർപ്പിനെ തുടർന്നായിരുന്നു ഇത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയിലോ, സിപിഎമ്മിലോ, മന്ത്രിസഭയിലോ ചർച്ചയോ അറിവോ ഇല്ലാതെയാണ് പിഎം ശ്രീയിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതേ ചൊല്ലി സിപിഐയും സിപിഎമ്മും രണ്ട് തട്ടിലായിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് കിട്ടേണ്ട കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നുമായിരുന്നു സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വാദം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വി സി നിയമനത്തിലെ സമവായം; ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎമ്മില്‍ അതൃപ്തി ശക്തം, രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് അഭിപ്രായം
വീഡിയോ ഷെയർ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു, ലിങ്കുകളും കണ്ടെത്തി, അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിനെതിരെ കേസ്