
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്. എന്നാൽ എപ്പോഴാണ് വിധി വരുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷമായിരിക്കുമോ ഉത്തരവ് എന്നതിലും വ്യക്തതയില്ല. അതേ സമയം, ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധനകൾ പൂർത്തിയായാൽ ഉത്തരവ് ഇന്നുണ്ടാകും. അല്ലെങ്കിൽ നാളെ എന്നാണ് പുറത്തുവരുന്ന സൂചന. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതി കോണ്‍ഗ്രസ് നേതൃത്വം ഡിജിപിക്ക് കൈമാറി. പരാതി സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക സംഘത്തിന് ഡിജിപി കൈമാറിയിരിക്കുകയാണ്.
അതേ സമയം, തനിക്കെതിരെയുള്ള പരാതി വ്യാജമെന്നായിരുന്നു രാഹുലിന്‍റെ വാദം. സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവ എംഎൽഎയായ രാഹുലിനെതിരെയുള്ള പരാതി വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണ്. പരാതിക്ക് പിന്നിൽ സിപിഎം- ബിജെപി ഗൂഢാലോചനയാണുള്ളത്. ബന്ധം ഉഭയസമ്മതപ്രകാരമാണ്. കോളുകളും ചാറ്റും റെക്കോര്‍ഡും സ്ക്രീൻ ഷോട്ടും എടുത്തത് ഗൂഢാലോചനയുടെ ഭാഗമെന്നും രാഹുൽ വാദിച്ചു. പരാതി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്നും സ്വര്‍ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്നും ആയിരുന്നു രാഹുലിന്‍റെ മറ്റൊരു ആരോപണം. ഗര്‍ഭഛിദ്രം നടത്തിയത് യുവതി തന്നെയെന്നും അഭിഭാഷകൻ പറഞ്ഞു. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് പരാതി നൽകാൻ യുവതിക്ക് സമ്മര്‍ദമുണ്ടായി എന്നും രാഹുൽ ആരോപിച്ചു.
എന്നാൽ രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് കോടതിയിൽ ഹാജരാക്കിയ പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ഡോക്ടറുടെ സാക്ഷിമൊഴി ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകള്‍പ്പെടെയാണ് റിപ്പോര്‍ട്ട്. ബലാത്സംഗം നടന്നു. യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതിനും തെളിവുണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന വാദം നടന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam