വി മുരളീധരൻ 'ദോഷൈകദൃക്ക്'; കേരള വികസനത്തിന് തടസം നിൽക്കുന്നെന്നും ജോൺ ബ്രിട്ടാസ്

Published : Dec 16, 2022, 02:32 PM IST
വി മുരളീധരൻ 'ദോഷൈകദൃക്ക്'; കേരള വികസനത്തിന് തടസം നിൽക്കുന്നെന്നും ജോൺ ബ്രിട്ടാസ്

Synopsis

മറ്റ് സംസ്ഥാന സർക്കാരുകൾ അവരുടെ അടിസ്ഥാന ദേശീയപാതാ പദ്ധതികൾക്ക് ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നിരിക്കെ കേരള സർക്കാർ 25 ശതമാനം ഭൂമി ഏറ്റെടുക്കലിനുള്ള ചെലവ് വഹിച്ചെന്നും ജോൺ ബ്രിട്ടാസ് എംപി

ദില്ലി: കേരളത്തിന്റെ ഒരു വികസന പരിപാടിക്കും വേണ്ടി സംസാരിക്കുന്നയാളല്ല കേന്ദ്രമന്ത്രി വി മുരളീധരനെന്ന് സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എംപി. സംസ്ഥാനത്തിന്റെ വികസനത്തിന് തടസം നിൽക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹത്തെ മറികടന്നാണ് കേരളത്തിൽ ദേശീയപാതാ വികസനമടക്കം നടക്കുന്നത്. അടിസ്ഥാന ദേശീയപാതാ പദ്ധതികൾക്ക് വേണ്ടി മറ്റ് സംസ്ഥാനങ്ങൾ ഭൂമി ഏറ്റെടുക്കാൻ പണം നൽകിയിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

കേരള സർക്കാർ എഴുതിയത് വസ്തുതാപരമായ കാര്യമാണ്. രാജ്യത്തെ മറ്റൊരു സംസ്ഥാനവും അടിസ്ഥാന ദേശീയപാതാ വികസനത്തിന് പണം മുടക്കിയിട്ടില്ല. അതാണ് യാഥാർത്ഥ്യം. അടിസ്ഥാന ദേശീയപാതയ്ക്ക് മുകളിലുള്ള ഒറ്റപ്പെട്ട പാതകൾക്ക് വേണ്ടി മാത്രമാണ് മറ്റ് സംസ്ഥാനങ്ങൾ പണം മുടക്കിയത്. യുപി അടക്കമുള്ള സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് അത്തരമൊരു ഉറപ്പും കേന്ദ്ര സർക്കാരിന് കിട്ടിയിട്ടില്ല. പതിറ്റാണ്ടുകൾക്ക് മുൻപുള്ള ദേശീയപാത യാഥാർത്ഥ്യമാക്കാനാണ് സംസ്ഥാന സർക്കാർ 25 ശതമാനം ഭൂമി ഏറ്റെടുക്കാൻ നൽകാമെന്ന് ഉറപ്പ് നൽകിയതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.

ആ ഉറപ്പിൽ നിന്ന് കേരള സർക്കാർ പിന്നോട്ട് പോയിട്ടില്ല. തിരുവനന്തപുരത്തെ റിങ് റോഡ് പദ്ധതിക്ക് 50 ശതമാനം കേരള സർക്കാർ കേന്ദ്ര സർക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിലും സർക്കാർ ഉറച്ച് നിൽക്കുകയാണ്. എന്നാൽ ഭാവിയിൽ പുതിയ പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കാനുള്ള പണം നൽകാൻ കഴിയില്ലെന്നാണ് സർക്കാർ പറഞ്ഞത്. യുപി, ബിഹാർ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ അടിസ്ഥാന ദേശീയപാതാ പദ്ധതികൾ നാല് വരിയും ആറ് വരിയുമാക്കാൻ ഒരു രൂപ പോലും സംസ്ഥാന സർക്കാരുകൾ നൽകിയിട്ടില്ല. യുപിയിൽ 5000 കിലോമീറ്റർ ദേശീയപാത നിർമ്മിച്ചതിന് ഒരു പൈസ പോലും കേന്ദ്രത്തിന് സംസ്ഥാന സർക്കാർ നൽകിയിട്ടില്ല.

മറ്റ് സംസ്ഥാന സർക്കാരുകൾ അവരുടെ അടിസ്ഥാന ദേശീയപാതാ പദ്ധതികൾക്ക് ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നിരിക്കെ കേരള സർക്കാർ 25 ശതമാനം ഭൂമി ഏറ്റെടുക്കലിനുള്ള ചെലവ് വഹിച്ചെന്ന് തന്നെയാണ് പറഞ്ഞത്. അത് വസ്തുതയാണ്. ദോഷൈകദൃക്കായ വി മുരളീധരന് മാത്രമാണ് അതിൽ കുഴപ്പം കണ്ടെത്താനായതെന്നും ജോൺ ബ്രിട്ടാസ് പരിഹസിച്ചു. കേരളത്തിൽ 900 കിലോമീറ്ററാണ് ദേശീയപാത വികസിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ 3000 ഉം 4000 വും 5000 വും കിലോമീറ്റർ ദേശീയപാത വികസിപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ആവശ്യമായതിലും വളരെ കുറച്ച് ചെലവാണ് കേരളത്തിലേതെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം