JojuCase|സിനിമ ഷൂട്ടിന് അനുമതി തേടിയെത്തിവരോട് പ്രതിഷേധം അറിയിച്ച് തൃക്കാക്കര നഗരസഭ;ശേഷം അനുമതിയും നൽകി

By P R PraveenaFirst Published Nov 11, 2021, 7:17 AM IST
Highlights

പ്രൊഡക്ഷൻ ടീം പ്രതിനിധികൾ എത്തിയപ്പോൾ അപേക്ഷ പരിശോധിച്ച ശേഷം അറിയിക്കാമെന്ന് നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പൻ മറുപടി നൽകി. അനുമതി നൽകുന്ന കാര്യം നഗരസഭ പരിഗണിക്കുന്നതിന് മുൻപെ കോൺഗ്രസ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ചിത്രീകരണത്തിന് തടസ്സമുണ്ടാക്കരുതെന്ന് നിർദ്ദേശം നൽകി.ഇതോടെ അനുമതി നൽകി

കൊച്ചി: ജോജു ജോർജ്ജ്(joju george) സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സിനിമ ചിത്രീകരണത്തിന് (cinema shooting)എത്തിയവരോട് പ്രതിഷേധം(protest) അറിയിച്ച് തൃക്കാക്കര നഗരസഭ. സത്യൻ അന്തിക്കാട് ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി അനുമതി തേടിയപ്പോഴാണ് കോൺഗ്രസ് ഭരിക്കുന്ന തൃക്കാക്കര ന​ഗരസഭ 
അദ്ധ്യക്ഷ  വിയോജിപ്പ് അറിയിച്ചത്. അതേസമയം സിനിമ ചിത്രീകരണം തടയരുതെന്ന കോൺഗ്രസ് നേതൃത്വത്തിന്‍റെ നിർദ്ദേശത്തെ തുടർന്ന് ചിത്രീകരണത്തിന് വൈകാതെ അനുമതിയും നൽകി.

ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിൻ തിരിച്ചെത്തുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്‍റെ ഷൂട്ടിംഗ് കാക്കനാട് പരിസരത്താണ് തുടരുന്നത്. തൃക്കാക്കര നഗരസഭ കെട്ടിടത്തിന്‍റെ പിന്നിലുള്ള സീ പോർട്ട് എയർപോർട്ട് റോഡിന്‍റെ പരിസരത്ത് ചിത്രീകരണം നടത്താനാണ് സിനിമസംഘം അനുമതി തേടിയത്. പ്രൊഡക്ഷൻ ടീം പ്രതിനിധികൾ എത്തിയപ്പോൾ അപേക്ഷ പരിശോധിച്ച ശേഷം അറിയിക്കാമെന്ന് നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പൻ മറുപടി നൽകി. അനുമതി നൽകുന്ന കാര്യം നഗരസഭ പരിഗണിക്കുന്നതിന് മുൻപെ കോൺഗ്രസ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ചിത്രീകരണത്തിന് തടസ്സമുണ്ടാക്കരുതെന്ന് നിർദ്ദേശം നൽകി.ഇതോടെ അനുമതി നൽകി. പണം അടച്ച് സിനിമസംഘം വരുന്ന ദിവസം തന്നെ ഈ പ്രദേശത്ത് ചിത്രീകരണം നടത്തും.അതേസമയം താൻ അനുമതി നിഷേധിച്ചിട്ടില്ലെന്നും ജോജു വിഷയത്തിലെ അഭിപ്രായവ്യത്യാസം തുറന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും നഗരസഭ അദ്ധ്യക്ഷ അജിത തങ്കപ്പൻ വ്യക്തമാക്കി.

എവിടെയും ചിത്രീകരണം തടയാൻ ഉദ്ദേശിക്കുന്നില്ലെന്ന് എറണാകുളം ഡിസിസിയും അറിയിച്ചു.

വഴിതടഞ്ഞുള്ള സിനിമ ചിത്രീകരണം അനുവദിക്കില്ലെന്നാണ് യൂത്ത് കോൺഗ്രസ് നിലപാട്. എന്നാൽ സിനിമ എന്നത് സർഗാത്മകത പ്രവർത്തനമാണെന്നും അതിനെതിരെ കടുത്ത നിലപാട് സ്വീകരിക്കരുതെന്നുമാണ് കോൺഗ്രസ് നേതൃത്വം പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം

click me!