
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് ഇന്ന് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനായി പുലിക്കയത്തെ വീട്ടിലെത്തി ഇന്നലെ പൊലീസ് നോട്ടീസ് കൈമാറിയിരുന്നു. ഇത് മൂന്നാം വട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ അച്ഛൻ സക്കറിയയോടും വടകര റൂറൽ എസ് പി ഓഫീസിൽ ഹാജറാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ ഉള്ള ജോളിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
അറസ്റ്റിലാകുന്നതിന്‍റെ തലേ ദിവസം ജോളി താമരശേരിയിലെത്തി അഭിഭാഷകനെ കണ്ടിരുന്നതായി അന്വേഷണ സംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്. ജോളിയുടെ സ്വദേശമായ കട്ടപ്പന, ജോളി വിദ്യാഭ്യാസത്തിനായി പോയ പാല എന്നിവിടങ്ങളില്‍ വിവരം ശേഖരിക്കാന്‍ അന്വേഷണ സംഘം എത്തിയിട്ടുണ്ട്. പൊന്നാമറ്റം വീട്ടില്‍ ഇന്ന് എസ്പി ഡോക്ടര്‍ ദിവ്യ വി ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള പൊലീസിലെ വിദഗ്ദ സംഘം പരിശോധനക്കെത്തും. വിരലടയാള വിദഗ്ദര്‍,വിഷ ശാസ്ത്ര വിദഗ്ദര്‍,ഫോറന്‍സിക് വിദഗ്ദര്‍ എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് പരിശോധന നടത്തുക.
അതേസമയം ജോളിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഇമ്പിച്ചി മൊയ്തീന്‍റെ വീട്ടിലും മകന്‍റെ കടയിലും അന്വേഷണ സംഘം പരിശോധന നടത്തിയിട്ടുണ്ട്. അറസ്റ്റിലാവും മുന്‍പ് റേഷന്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍ ഇമ്പിച്ചിമൊയ്തീനെ ഏല്‍പ്പിച്ചിരുന്നതായി ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു ചെറിയ കുപ്പിയില്‍ സയനൈഡും ഇമ്പിച്ചി മൊയ്തീന് നല്‍കിയിരുന്നെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഇതെല്ലാം കണ്ടെത്താനാണ് പരിശോധന നടത്തിയത്.
അതേസമയം അന്നമ്മയെ കൊലപ്പെടുത്തിയത് റോയ് തോമസിന് അറിയാമായിരുന്നെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിട്ടുണ്ട്.സിലിയെ കൊല്ലാന്‍ മൂന്ന് തവണ ശ്രമിച്ചു. മൂന്നാം തവണ രണ്ട് പ്രാവശ്യം സയനൈഡ് നല്‍കിയാണ് കൃത്യം നടത്തിയതെന്നാണ് ജോളിയുടെ മൊഴി. ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ട് നടന്നായിരുന്നു കൊലപാതകങ്ങള്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam