കൂടത്തായി പ്രതികള്‍ക്കൊപ്പമോ മുല്ലപ്പള്ളി? പൊലീസിനെന്ത് ഉപതെരഞ്ഞെടുപ്പ്; അ‍ഞ്ചിടത്തും പാലാ ആവര്‍ത്തിക്കുമെന്നും കോടിയേരി

By Web TeamFirst Published Oct 13, 2019, 7:01 PM IST
Highlights

പൊലീസിനും സര്‍ക്കാരിനും നേരത്തെ വിവരം കിട്ടിയെന്ന് മുല്ലപ്പള്ളി പറയുന്നത് വിചിത്ര വാദമാണെന്നും എല്ലാ വിവരങ്ങളും പുറത്തുവിടണം പറയുന്നത് പ്രതികളെ സഹായിക്കാനാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരന്പര കേസ് ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തിന് കോടിയേരിയുടെ മറുപടി. കൂടത്തായി കേസിലെ പ്രതികൾക്ക് അനുകൂല നിലപാട് ആണ് മുല്ലപ്പളിയുടേതെന്നും ഇത് അത്ഭുതപ്പെടുത്തിയെന്നും കോടിയേരി അഭിപ്രായപ്പെട്ടു. പൊലീസിന് കേസന്വേഷണത്തിനും അറസ്റ്റിനും ഉപതെരഞ്ഞെടുപ്പ് പ്രശ്നമല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കൂടത്തായി കേസ് അന്വേഷണം പോലീസിന്റെ നേട്ടമാണെന്നും കോൺഗ്രസ് പൊലീസിന്റെ മനോവീര്യം തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആദ്യന്തര സഹമന്ത്രിയായിയിരുന്ന മുല്ലപ്പള്ളിക്ക് നടപടിക്രമങ്ങൾ അറിയില്ലേയെന്നും കോടിയേരി ചോദിച്ചു.

പൊലീസിനും സര്‍ക്കാരിനും നേരത്തെ വിവരം കിട്ടിയെന്ന് മുല്ലപ്പള്ളി പറയുന്നത് വിചിത്ര വാദമാണെന്നും എല്ലാ വിവരങ്ങളും പുറത്തുവിടണം പറയുന്നത് പ്രതികളെ സഹായിക്കാനാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. കൂടത്തായി കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും മാസങ്ങള്‍ക്ക് മുന്‍പെ സര്‍ക്കാരിന്‍റെയും പൊലീസിന്റെയും കയ്യിലുണ്ടായിരുന്നെന്നും ഉപതെരഞ്ഞെടുപ്പിനിടയില്‍ കേസ് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നുമായിരുന്നു മുല്ലപ്പള്ളി ഇന്നലെ പറഞ്ഞത്.

ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് എല്ലായിടത്തും ജയിക്കുമെന്നും കോടിയേരി പറഞ്ഞു. പാലാ തെരഞ്ഞെടുപ്പിലെ വിജയം അഞ്ചിടത്തും ആവർത്തിക്കും, ഒരിക്കലും നടക്കില്ല എന്ന് പറഞ്ഞ കാര്യങ്ങൾ നടത്തിയതാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം. വികസന പ്രവർത്തനങ്ങള്‍ ജനം കാണുന്നുണ്ടെന്നും അതിന്‍റെ ഫലം ഉണ്ടാകുമെന്നും കോടിയേരി വിവരിച്ചു. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലം അഴിമതിയില്‍ മുങ്ങിയതായിരുന്നു. പാലാരിവട്ട പാലം യുഡിഎഫിന്‍റെ കാലത്തെ അഴിമതിയുടെ ഒരു ഉദാഹരണം മാത്രമാണ്. പ്രതി ആരാണെന്നു അന്വേഷണ സംഘം തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

click me!