'ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ മാറിനില്‍ക്കാന്‍ സൗകര്യമൊരുക്കും'; സമീപവാസികളോട് സബ് കളക്ടര്‍

By Web TeamFirst Published Oct 13, 2019, 6:48 PM IST
Highlights

ഫ്ളാറ്റ് പൊളിക്കുന്നത് സംബസിച്ച വിശദീകരണത്തിനായി നഗരസഭ വിളിച്ചുകൂട്ടിയ നാട്ടുകാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു  സ്നേഹിൽ കുമാർ സിംഗ്.  ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം ഫ്ലാറ്റുകളുടെ പരിസരത്ത് താമസിക്കുന്നവരുടെ യോഗമാണ് നടന്നത്. 

കൊച്ചി: മരടിലെ ഫ്ളാറ്റുൾക്ക് സമീപം മത്സ്യക്യഷി നടത്തുന്നവർക്കും തൊട്ടുചേർന്ന്  താമസിക്കുന്നവർക്കും  സുരക്ഷാ കാര്യങ്ങളിൽ  പ്രത്യേകം പരിഗണന നൽകുമെന്ന്  നഗരസഭാ സ്പെഷ്യൽ സെക്രട്ടറിയും സബ് കളക്ടറുമായ സ്നേഹിൽ കുമാർ സിംഗ്.  സ്ഫോടനം നടത്തുമ്പോൾ  ആറ് മണിക്കുർ നേരത്തേക്ക് വീടുകളിൽ നിന്ന് മാറി നിൽക്കാൻ അനുയോജ്യമായ  സൗകര്യങ്ങൾ ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്ളാറ്റ് പൊളിക്കുന്നത് സംബസിച്ച വിശദീകരണത്തിനായി നഗരസഭ വിളിച്ചുകൂട്ടിയ നാട്ടുകാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു  സ്നേഹിൽ കുമാർ സിംഗ്.  ഹോളിഫെയ്ത്ത്, ഗോൾഡൻ കായലോരം ഫ്ലാറ്റുകളുടെ പരിസരത്ത് താമസിക്കുന്നവരുടെ യോഗമാണ് നടന്നത്. 

പാർപ്പിട സമുച്ഛയത്തിന് നൂറ് മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ യോഗത്തിൽ പങ്കെടുക്കണമെന്നായിരുന്നു നിർദ്ദേശം നൽകിയിത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം ഉണ്ടാകുമോ എന്ന  ആശങ്കയെ തുടർന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് യോഗ  സ്ഥലത്ത് എത്തിയ ശേഷം തിരിച്ചുപോയത് തുടക്കത്തിൽ നാട്ടുകാരുടെ ബഹളത്തിനിടയാക്കി. എംഎൽഎ എം സ്വരാജ് പങ്കെടുക്കുന്നത്  പെരുമാറ്റച്ചട്ട ലംഘനമാകുമെന്നായിരുന്നു സബ് കളക്ടറുടെ ആശങ്ക. എന്നാൽ യോഗം മാറ്റിവെക്കാൻ കഴിയില്ലെന്ന് നാട്ടുകാർ വാദിച്ചു. തുടർന്ന് സബ് കളക്ടർ തിരിച്ചെത്തുകയായിരുന്നു. എം സ്വരാജും യോഗത്തിൽ പങ്കെടുത്തു.

അതേസമയം, ഫ്ലാറ്റുകൾ പൊളിപ്പിക്കൽ നടപടികൾക്ക് നഗരസഭ അംഗീകാരം നൽകാത്തതിനാൽ ഫ്ലാറ്റുകൾ ഇന്ന് കമ്പനികൾക്ക് കൈമാറാനാകില്ല. ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ രണ്ട് കമ്പനികളെ തെരഞ്ഞെടുത്തെങ്കിലും നഗരസഭ കൗൺസിൽ, ഈ തീരുമാനം അംഗീകരിച്ചിട്ടില്ല. പൊളിപ്പിക്കലുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളൊന്നും കൗൺസിലുമായി ആലോചിക്കാതെ നടത്തിയതിലുള്ള പ്രതിഷേധമാണ് നഗരസഭ കൗൺസിലിന്. ഈ സാഹചര്യം വ്യക്തമാക്കി സബ് കളക്‌ടർ ചീഫ് സെക്രട്ടറിയ്ക്ക് നാളെ കത്ത് നൽകും. സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ട് അനുസരിച്ച് പൊളിക്കാനുള്ള ഫ്ലാറ്റുകൾ ഇന്ന് കമ്പനികൾക്ക് കൈമാറാനാണ് നേരത്തെ തീരുമാനിച്ചത്. 

ഇനി നഗരസഭ കൗൺസിൽ അംഗീകാരം വാങ്ങിയ ശേഷമാകും തുടർ നടപടി. 18 നിലകളിലുള്ള ഹോളി ഫെയ്ത്ത് ഫ്ലാറ്റ്,ജെയിൻ കോറൽ കേവ്, 16 നിലകളുള്ള ഗോൾഡൻ കായലോരം എന്നിവ പൊളിക്കാനായി തെരഞ്ഞെടുത്തത് എഡിഫെയ്സ് എന്ന കമ്പനിയെയാണ്. വിജയ് സ്റ്റീൽ 16 നിലകളിലുള്ള ആൽഫ വെഞ്ച്വറിന്‍റെ ഇരട്ട കെട്ടിടം പൊളിക്കും. 7 സെക്കന്‍റ് സമയം മാത്രം മതി സ്ഫോടനം നടത്തി കെട്ടിടങ്ങൾ പൊളിക്കാനെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്.

click me!