
ദില്ലി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യം. സുപ്രീംകോടതി നൽകിയ സ്റ്റേ നീക്കണമെന്ന് കേസിലെ പരാതിക്കാരൻ ജോമോൻ പുത്തൻപുരയ്ക്കൽ ആവശ്യപ്പെട്ടു. അന്വേഷണം തുടരാൻ അനുവാദം നൽകണമെന്ന് സുപ്രീംകോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. അന്വേഷണത്തിന് മുൻകൂർ അനുമതി വേണമെന്ന വാദം നിലനിൽക്കില്ലെന്നും എബ്രഹാമിന്‍റെ ഹർജി തള്ളണമെന്നും സിബിഐയും ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ എം ആർ അഭിലാഷാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിൽ സുപ്രീംകോടതി സ്റ്റേ നൽകിയത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 19 പ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ സ്വകാര്യ വ്യക്തികൾ നൽകുന്ന പരാതിയിൽ കേസ് എടുക്കുമ്പോൾ സർക്കാരിന്‍റെ മുൻകൂർ അനുമതി വേണമെന്ന് ചട്ടമുണ്ട്. ആ നടപടിക്രമം പാലിച്ചിട്ടില്ല എന്നാണ് കെ എം എബ്രഹാം സുപ്രീംകോടതിയിൽ വാദിച്ചത്. ഇക്കാര്യത്തിൽ നിയമപരമായ വശം പരിശോധിക്കണമെന്ന് നിർദേശിച്ചാണ് കോടതി സ്റ്റേ അനുവദിച്ചത്. ഈ കേസിൽ പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ്. അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുമതി നൽകണമെന്നും കെ എം എബ്രഹാമിന്‍റെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നുമാണ് ജോമോൻ പുത്തൻപുരയ്ക്കലിന്‍റെ വാദം. നേരത്തെ സിബിഐയും ആവശ്യപ്പെട്ടത് അന്വേഷണവുമായി മുന്നോട്ടു പോകാൻ അനുവദിക്കണം എന്നാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam