ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും നടൻ പ്രേം കുമാറിനെ മാറ്റിയത് കാലാവധി പൂർത്തിയായതിനാലാണെന്ന് മന്ത്രി സജി ചെറിയാൻ വെളിപ്പെടുത്തി. അറിയിക്കാതെയാണ് മാറ്റിയതെന്ന പ്രേം കുമാറിൻ്റെ വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും നടൻ പ്രേം കുമാറിനെ മാറ്റിയത് കാലാവധി പൂർത്തിയായതിനാലാണെന്നും പുതിയ സമിതിയെ നിയമിക്കുകയാണ് ചെയ്തതെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇക്കാര്യം പ്രേം കുമാറിനെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും പറയാതെയാണ് മാറ്റിയതെന്ന വാദം തെറ്റാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ചലച്ചിത്ര അക്കാദമിയിൽ തനിക്ക് നീതികേടാണ് ഉണ്ടായതെന്ന പ്രേം കുമാറിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. തന്നെ മാറ്റിയതിൽ പ്രതിഷേധിച്ച് പ്രേം കുമാർ കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിക്കുന്നതിനെ മന്ത്രി പരിഹസിക്കുകയും ചെയ്തു. 'ഉത്തമനായ കമ്മ്യൂണിസ്റ്റാണോ ഇപ്പോൾ കോൺഗ്രസിൽ ചേരുന്നത്' എന്നായിരുന്നു സജി ചെറിയാന്‍റെ ചോദ്യം.

Add Asianetnews as a Preferred SourcegooglePreferred

YouTube video player

കഴക്കൂട്ടത്ത് സ്ഥാനാർഥിയാകുമോ?

അതേസമയം ഇടതുമായി ഇടഞ്ഞ നടൻ പ്രേം കുമാറിനെ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നീക്കം ശക്തമാക്കി. നാളെ കോട്ടയത്ത് കെ പി സി സി സംസ്കാര സാഹിതി പരിപാടിയിൽ പ്രേം കുമാർ മുഖ്യാതിഥിയാകും. നടനെ അനുനയിപ്പിക്കാനുളള ഇടത് നീക്കം ഫലം കണ്ടിട്ടില്ല. അറിയിപ്പില്ലാതെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് മാറ്റിയതിലെ അമർഷം തുടരുകയാണ് നടൻ. ഇതോടെയാണ് പുതിയ റോൾ നൽകി, പുതിയ സീനിൽ നടനെയിറക്കാൻ കോൺഗ്രസ് നീക്കം ശക്തമാക്കിയത്. കഴക്കൂട്ടത്ത് മത്സരിപ്പിക്കാനുള്ള ആലോചന, സംസ്കാര സാഹിതിയിലൂടെ നാളെ കൂടുതൽ മുന്നോട്ട് പോകുമെന്ന് ഉറപ്പാണ്. കോട്ടയത്ത് എ ഐ സി സി ജനറൽ സെക്രട്ടറി കെ സിവേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ നടൻ മുഖ്യാതിഥിയായെത്തുന്നത് വലിയ രാഷ്ട്രീയ സന്ദേശമാകും എന്ന് ഉറപ്പാണ്. പ്രേംകുമാറിനെക്കൂടാതെ നടനും സി പി ഐ നേതാവും അമ്മ വൈസ് പ്രസിഡന്‍റുമായ ജയൻ ചേർത്തലും കോൺഗ്രസിലേക്കെന്ന് സൂചന ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരത്ത് കെ സി വേണുഗോപാലുമായി ജയൻ കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും വരവ് കോൺഗ്രസിലേക്ക് തന്നെയെന്നാണ് വിവരം.