പരാതി കൂടുതലുള്ള സ്ഥലങ്ങളിൽ കമ്മീഷൻ സിറ്റിംഗ് നടത്തും. ആളുകൾക്ക് നേരിട്ട് ആശങ്ക അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. 

കോഴിക്കോട്: ബഫര്‍ സോണ്‍ സമരപ്രഖ്യാപനത്തിന് എതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍. കര്‍ഷക സംഘടനകളെ മുന്‍നിര്‍ത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ആകാശ സര്‍വേ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പരാതികള്‍ വരുമെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. ഭൂതല സര്‍വ്വേ നേരത്തെ തീരുമാനിച്ചതാണ്. സ്ഥിതി വിവര കണക്ക് മാത്രമാണ് ഉപഗ്രഹ സര്‍വ്വേ നല്‍കുക. ഉപഗ്രഹ സര്‍വ്വേയില്‍ ചില സ്ഥലങ്ങളില്‍ വ്യാപക പ്രശ്നങ്ങളുണ്ട്. പരാതി കൂടുതലുള്ള സ്ഥലങ്ങളിൽ കമ്മീഷൻ സിറ്റിംഗ് നടത്തും. ആളുകൾക്ക് നേരിട്ട് ആശങ്ക അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. 

YouTube video player

വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ ജനവാസമേഖലകളെ ബഫർ സോണിൽ ഉൾപ്പെടുത്തണമെന്ന സുപ്രീംകോടതി ഉത്തരവിൽ ഇളവ് നേടാനാണ് സംസ്ഥാനം ആകാശസർവേ നടത്തിയത്. ഇതിന്‍റെ റിപ്പോർട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ സർക്കാരിന് ലഭിച്ചു. അപാകതകൾ ഏറെ ഉണ്ടെന്ന് ബോധ്യമായതോടെ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ വിഗ്ധധ സമിതിയെ സർക്കാർ നിയോഗിച്ചു. എന്നാൽ സെപ്റ്റംബറിൽ വിധഗ്ധ സമിതി നിലവില്‍ വന്നെങ്കിലും പ്രവര്‍ത്തനം പേരിനു മാത്രമായി. ഒരു ഓഫീസ് പോലും തുറന്നതുമില്ല. ചുരുക്കത്തില്‍ മൂന്നു മാസത്തോളമായിട്ടും ബഫര്‍ സോണ്‍ പരിധിയില്‍ വരുന്ന 115 വില്ലേജുകളിൽ ഒരിടത്ത് പോലും സമിതി നേരിട്ടെത്തിയില്ല. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആകാശ സർവേയുടെ റിപ്പോർട്ട് പുറത്തുവന്നു. ജനങ്ങൾക്ക് പരാതി അറിയിക്കാൻ പത്ത് ദിവസം സമയവും സർക്കാർ അനുവദിച്ചു. എന്നാൽ സർവത്ര ആശയക്കുഴപ്പം നിറഞ്ഞ സർവേ റിപ്പോര്‍ട്ട് പൂർണ്ണമായി തള്ളണമെന്ന ആവശ്യം ശക്തമായി. ഈ സാഹചര്യത്തിലാണ് ബഫർ സോൺ ആശങ്ക നിലനിൽക്കുന്ന വില്ലേജുകളിൽ ഉടൻ സ്ഥല പരിശോധന നടത്തി അന്തിമ റിപ്പോർട്ട് തയ്യാറാക്കാനുള്ള നടപടിയിലേക്ക് സർക്കാർ നീങ്ങുന്നത്.