യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ അറിയാമെന്ന് ജോസ് കെ മാണി; നേതൃത്വം അംഗീകരിക്കാതെ 'രണ്ടില'യില്ലെന്ന് ജോസഫ്

By Web TeamFirst Published Aug 31, 2019, 6:54 PM IST
Highlights

 ചിഹ്നത്തിന്‍റെ കാര്യത്തിലടക്കം നാളെ ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നാണ് ജോസ് കെ മാണി പറയുന്നത്. 

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നാളെ ഉച്ചയോടെ പൂര്‍ത്തിയാക്കുമെന്ന് ജോസ് കെ മാണി. നാളെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. ചിഹ്നത്തിന്‍റെ കാര്യത്തിലടക്കം നാളെ ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നാണ് ജോസ് കെ മാണി പറയുന്നത്. പാലായിൽ ആര് മത്സരിക്കുമെന്ന കാര്യത്തിലൊരു സമവായമുണ്ടാക്കാനും ജോസ് കെ മാണി - പി ജെ ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനും ഇന്ന് കോട്ടയത്ത് യുഡിഎഫ്  ഉപസമിതി യോഗം ചേര്‍ന്നെങ്കിലും  ഇരുവിഭാഗവും സ്വന്തം നിലപാടിൽ ഉറച്ചുനില്‍ക്കുകയായിരുന്നു.

സ്ഥാനാർത്ഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും 'പുറത്തു നിന്നുള്ള' ആരും അതിലിടപെടേണ്ടെന്നുമാണ് ജോസ് കെ മാണിയുടെ നിലപാട്. നിഷാ ജോസ് കെ മാണിയുടെ പേരിന് തന്നെയാണ് സജീവ സാധ്യത പറഞ്ഞുകേൾക്കുന്നത്. എന്നാൽ പി ജെ ജോസഫിന്‍റെ നേതൃത്വം അംഗീകരിച്ചാൽ മാത്രം ചിഹ്നം നൽകിയാൽ മതിയെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പൊതു അഭിപ്രായം. അതില്ലെങ്കിൽ 'രണ്ടില' തരില്ലെന്നാണ് ഭീഷണി.

വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ താൻ പ്രഖ്യാപിക്കുമെന്നാണ് ജോസഫിന്‍റെ നിലപാട്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് ജോസ് വിഭാഗവും പ്രഖ്യാപിക്കുകയും ചിഹ്നം നല്‍കുകയും ചെയ്യുന്നത് ജോസഫുമായിരിക്കും എന്നതായിരുന്നു കഴിഞ്ഞയാഴ്ച യുഡിഎഫ് വച്ച നിര്‍ദ്ദേശം. പക്ഷേ ഇത് ജോസ് വിഭാഗം അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് ജോസ് പക്ഷം നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥിയെ ജോസഫിനെക്കൊണ്ട് അംഗീകരിപ്പിക്കുക എന്നതാണ് ഇപ്പോള്‍ യുഡിഎഫിന്‍റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

സ്ഥാനാര്‍ത്ഥിയെ കണ്ടെത്താൻ ഏഴംഗ ഉപസമിതിയെ രൂപീകരിച്ചിട്ടുണ്ടെന്ന് ജോസ് വിഭാഗം ഉപസമിതിയെ അറിയിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിഷാ ജോസ് കെ മാണി ആയിരിക്കും എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഉപസമിതി രൂപീകരിച്ച ശേഷവും ജോസ് ക്യാമ്പിലുള്ളത്. ഉപസമിതിക്ക് മുൻപാകെ ഭൂരിപക്ഷം പേരും എഴുതി നല്‍കിയത് നിഷയുടെ പേരാണ്. അതേസമയം വിജയസാധ്യതയുള്ള നാല് പേരുടെ പേരുകള്‍ യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്നാണ് ഇന്ന് തൊടുപുഴയില്‍ ചേര്‍ന്ന സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തില്‍ ജോസഫ് അറിയിച്ചത്.

click me!